കേരളം റെയിൽവേയുമായി ഉഭയകക്ഷി കരാർ ഒപ്പുവെച്ചു

Posted on: September 1, 2016

Kerala-govt----railway-mou-

ന്യൂഡൽഹി : കേരളത്തിന്റെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്ക് കേരളം റെയിൽവേയുമായി ഉഭയകക്ഷി കരാർ ഒപ്പുവെച്ചു. ന്യൂഡൽഹിയിലെ റെയിൽവേ ഭവനിൽ നടന്ന ചടങ്ങിൽ സംസ്ഥാന ട്രാൻസ്‌പോർട്ട് സെക്രട്ടറി കെ. ആർ. ജ്യോതിലാലും റെയിൽവേ ബോർഡ് വർക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ്.സി ജെയ്‌നും കരാർ ഒപ്പുവെച്ചു. സംയുക്ത സംരഭത്തിൽ 49 ശതമാനം മൂലധനം റയിൽവേയും 51 ശതമാനം മൂലധനം കേരളവുമാണ് പദ്ധതിക്കായി മുതൽ മുടക്കുന്നത്.

കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പുവെച്ചത്. റെയിൽവേ ബോർഡ് ചെയർമാൻ എ.കെ മിത്തലും മന്ത്രാലയം ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കേന്ദ്ര റെയിൽമന്ത്രി പദ്ധതിക്കാവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും മുഖ്യമന്ത്രിയെയും കേരള സർക്കാരിനെയും അഭിനന്ദിക്കുകയും ചെയ്തു.

തിരുവനന്തപുരം ചെങ്ങന്നൂർ സബർബൻ റെയിൽ സർവ്വീസ്, അങ്കമാലി ശബരി, നിലമ്പൂർ നഞ്ചൻകോട്, ഗുരുവായൂർ തിരുനാവായ, കൊച്ചി മധുര, തലശ്ശേരി മൈസൂർ റെയിൽ പാതകൾ, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേയ്ക്കുള്ള റയിൽ കണ്ടെയ്‌നർ ട്രാക്ക്, പാലക്കാട് റെയിൽ കോച്ച് ഫാക്ടറിയുടെ നിർമ്മാണം എന്നിവയാണ് പദ്ധതിയിൽ പരിഗണിക്കപ്പെടുന്നത്.

കേരളത്തെ പ്രതിനിധീകരിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് പുറമെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) പ്രൊജക്ട് ഡയറക്ടർ ടോമി സിറിയക്കും ചടങ്ങിൽ സന്നിഹിതനായിരുന്നു.

TAGS: Indian Railway |