റെജി ജോസഫിന് പ്രേം ഭാട്ടിയ മാധ്യമ അവാർഡ്

Posted on: July 21, 2016

Reji-Joseph-july-2016-Big

ന്യൂഡൽഹി : പരിസ്ഥിതി റിപ്പോർട്ടിംഗിനുള്ള പ്രേം ഭാട്ടിയ ദേശീയ മാധ്യമ പുരസ്‌കാരത്തിന് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് അർഹനായി. ദീപികയിലും രാഷ്ട്രദീപികയിലും എഴുതിയ വിവിധ ലേഖനങ്ങളാണ് അവാർഡിന് അർഹമായത്. 1.5 ലക്ഷം രൂപയും പ്രശസ്തിപത്രവും ഉൾപ്പെടുന്ന അവാർഡ് ഓഗസ്റ്റ് 11 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രേം ഭാട്ടിയ ട്രസ്റ്റ് ചെയർമാൻ കെ. ശങ്കർ വാജ്‌പേയി സമ്മാനിക്കും.

കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി.ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനായ റെജിക്ക് പത്രപ്രവർത്തനരംഗത്തെ മികവിന് ദേശീയ അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പെടെ ലഭിക്കുന്ന 68 മത്തെ പുരസ്‌കാരമാണിത്. ഭാര്യ ആഷ്‌ലി തെരേസ ജോസ്, ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്‌കൂൾ അധ്യാപികയാണ്. മക്കൾ : ആഗ്നസ് തെരേസ്, അൽഫോൻസ് (ഇരുവരും ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).

ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികൾ എന്ന വിഷയത്തിൽ പ്രമുഖ നയതന്ത്രജ്ഞൻ ജി. പാർഥസാരഥി മുഖ്യപ്രഭാഷണം നടത്തും. ഇന്ത്യൻ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് ഡയറക്ടർ ജയന്ത് പ്രസാദ് അധ്യക്ഷത വഹിക്കും.

ആറു പതിറ്റാണ്ട് ഇന്ത്യൻ പത്രപ്രവർത്തന രംഗത്ത് സജീവസാന്നിധ്യമായിരുന്ന പ്രേം ഭാട്ടിയ സ്റ്റേറ്റ്‌സ്മാൻ, ഇന്ത്യൻ എക്‌സ്പ്രസ്, ഗാർഡിയൻ, ട്രിബ്യൂൺ തുടങ്ങി വിവിധ പത്രങ്ങളിൽ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ലാൽ ബഹാദൂർ ശാസ്ത്രി, വിജയലക്ഷ്മി പണ്ഡിറ്റ് എന്നിവരുടെ രാഷ്ട്രീയ ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുള്ള ഭാട്ടിയ കെനിയയിൽ ഹൈക്കമ്മീഷ്ണറുമായിരുന്നു. ഇദ്ദേഹത്തിന്റെ സ്മരണയ്ക്ക് പ്രേം ഭാട്ടിയ ട്രസ്റ്റ് 2004 മുതൽ പരിസ്ഥിതി, രാഷ്ട്രീയ റിപ്പോർട്ടിംഗിന് ദേശീയ തലത്തിൽ വർഷന്തോറും നല്കിവരുന്നതാണ് ഈ പുരസ്‌കാരം.

പരിസ്ഥിതി പ്രവർത്തക വന്ദന ശിവ, മഗ്‌സാസെ അവാർഡു ജേതാവും പ്രമുഖ പത്രപ്രവർത്തകനുമായ പി. സായ്‌നാഥ്, സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് ഡയറക്ടർ ജനറൽ സുനിത നാരായൺ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. 80 വിവിധ പ്രസിദ്ധീകരണങ്ങളിൽനിന്നായി 260 എൻട്രികൾ ലഭിച്ചിരുന്നു. ഇന്ത്യൻ എക്‌സ്പ്രസിന്റെ നാഷണൽ അഫയേഴ്‌സ് എഡിറ്റർ വൈദ്യനാഥൻ അയ്യർക്കാണ് രാഷ്ട്രീയ റിപ്പോർട്ടിംഗിനുള്ള പ്രേം ഭാട്ടിയ പുരസ്‌കാരം.