കെ എം എ അവാർഡുകൾ സമ്മാനിച്ചു

Posted on: June 17, 2016

KMA-Awards-2016-Big

കൊച്ചി : കേരള മാനേജ്മെൻറ് അസോസിയേഷൻ (കെ എം എ) വാർഷികദിനാഘോഷവും അവാർഡ് നിശയും കൊച്ചിയിലെ ലെ മെറിഡിയൻ കൺവൻഷൻ സെന്ററിൽ നടന്നു. മാനേജ്മെൻറ് തലത്തിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള കെ എം എ വാർഷിക അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു. രാജ്യാന്തര പരിശീലകനും പ്രഭാഷകനുമായ ശിവ് ഖേര മുഖ്യാതിഥിയായിരുന്നു. കെ എം എ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ അധ്യക്ഷത വഹിച്ചു. കെ എം എ അവാർഡ് കമ്മിറ്റി അധ്യക്ഷൻ എസ്.രാജ്‌മോഹൻ നായർ, ഓണററി സെക്രട്ടറി സി.എസ്. കർത്ത, സീനിയർ വൈസ് പ്രസിഡന്റ് മാത്യു ഉറുമ്പത്ത് എന്നിവർ പങ്കെടുത്തു.

കെ എം എ യുടെ ഈ വർഷത്തെ പതിനാറ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മികച്ച ഇൻ ഹൗസ് മാഗസിനുള്ള കെ എം എ എക്‌സലൻസ് അവാർഡ് കൊച്ചി കപ്പൽ ശാലയ്ക്ക് സമ്മാനിച്ചു. യു ആ ഇ എക്‌സ്‌ചേഞ്ചും അസറ്റ് ഹോംസും പ്രത്യേക ജൂറി അവാർഡ് നേടി. നൂതന ഉത്പാദന സംസ്‌കരണത്തിനുള്ള അവാർഡ് വി ഗാർഡ് ഇൻഡസ്ട്രീസിനും പ്രത്യേക ജ്യൂറി അവാർഡ് ആസ്റ്റർ മെഡിസിറ്റിക്കും മികച്ച സി എസ് ആർ പദ്ധതികൾക്കുള്ള പുരസ്‌ക്കാരം കൊച്ചി കപ്പൽശാലയ്ക്കും പ്രത്യേക പുരസ്‌കാരം മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനും സമ്മാനിച്ചു. നൂതന എച്ച് ആർ ആശയങ്ങൾക്ക് കങ്കൊർ ഇൻഗ്രീഡിയന്റ്‌സിനും ഗ്രീൻ ആശയങ്ങൾ നടപ്പാക്കിയതിന് സി ജി എച്ച് എർത്തിനും അവാർഡ് സമ്മാനിച്ചു.

കെ എം എ നാസ്‌കോം അവാർഡിന് അർഹരായ വാൽമീകി ബുക്‌സ്, വി ആർ നെക്സ്റ്റ്, കൊച്ചി രാജ്യാന്തര വിമാനത്താവളം, കോട്ടക്കൽ ആര്യവൈദ്യശാല, ഇൻഡസ് മോട്ടോഴ്‌സ്, കേരള സംസ്ഥാന ഐ ടി മിഷൻ, ഫെഡറൽ ബാങ്ക്, എസ് എഫ് ഒ ടെക്‌നോളജീസ് എന്നിവർക്കും അവാർഡുകൾ സമ്മാനിച്ചു.

കൊച്ചി കപ്പൽശാല മുൻ സി എം ഡി കമഡോർ കെ.സുബ്രഹ്മണ്യത്തിന് മാനേജ്മെൻറ് ലീഡർഷിപ്പ് അവാർഡും ടെക്നോപാർക്ക് സ്ഥാപക സി.ഇ.ഒ. ജി. വിജയരാഘവന് ഐ ടി ലീഡർഷിപ്പ് അവാർഡും ബി എൻ പി പരിബാസ് ഫിനാൻഷ്യൽ സെക്യൂരിറ്റീസ് ലിമിറ്റഡ് എക്സിക്യുട്ടീവ് ഡയറക്ടർ സതീഷ് മേനോന് മാനേജർ ഓഫ് ദി ഇയർ അവാർഡും സമ്മാനിച്ചു. യങ്ങ് മാനേജേഴ്സ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊഗ്നിസന്റ് ടെക്നോളജി സൊല്യൂഷൻസ് ഇന്ത്യ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കൊച്ചി കപ്പൽനിർമാണ ശാല, സിന്തൈറ്റ് ഇൻഡസ്ട്രീസ് എന്നിവർക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. മികച്ച ബിസിനസ് സ്‌കൂളുകൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു. മികച്ച ബിസിനസ് പ്ലാനുള്ള പുരസ്‌കാരം കുസാറ്റ് സ്‌കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസും മികച്ച മാനേജ്മെൻറ് വിദ്യാർഥിക്കുള്ള അവാർഡ് സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് വിദ്യാർഥി അരുൺ വർഗീസും കരസ്ഥമാക്കി.