ടാറ്റാ ടിയാഗോ കേരളവിപണിയിൽ

Posted on: April 12, 2016

Tata-Tiago-kerala-launch-Bi

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ ഹാച്ച്ബാക്ക് കാർ ടിയാഗോ കേരള വിപണിയിൽ അവതരിപ്പിച്ചു. കാർ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുന്ന ടിയാഗോയുടെ റിവോട്രോൺ 1.2 ലിറ്റർ പെട്രോൾ വേരിയന്റിന് 3,35,979 രൂപയും (എക്‌സ് ഷോറൂം, ഡൽഹി) റിവോടോർക് 1.05 ലിറ്റർ ഡീസൽ വേരിയന്റിന് 4,12,023 രൂപയുമാണ് വില.

സർവീസ് കണക്ട് എന്ന പേരിൽ ടിയാഗോ ഉപഭോക്താക്കൾക്കായി ടാറ്റാ മോട്ടോഴ്‌സ് പുതിയൊരു സർവീസ് ആപ്ലിക്കേഷൻ ഒരുക്കിയിട്ടുണ്ട്. ഈ ആപ്ലിക്കേഷൻ വഴി വിൽപ്പനയ്ക്കുശേഷമുള്ള ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനും തടസങ്ങളില്ലാത്ത സേവനം ലഭ്യമാക്കുന്നതിനായി എല്ലായ്‌പ്പോഴും കണക്ടഡ് ആയിരിക്കാനും കഴിയും. സൗജന്യ പിക്ക് അപ്പ്, ഡ്രോപ്പ് സർവീസിനു പുറമേ കാർ ഒരു രാത്രി മുഴുവൻ വർക്ക്‌ഷോപ്പിലായിരിക്കുന്ന സാഹചര്യത്തിൽ പകരം ഉപയോഗിക്കാനായി കാറുകൾ ലഭ്യമാക്കും.

ടിയാഗോ 75,000 കിലോമീറ്റർ അല്ലെങ്കിൽ 2 വർഷത്തെ വാറന്റിയോടു കൂടിയാണ് വിപണിയിലെത്തുത്. 2 വർഷം + 1 വർഷം (മൂന്നാമത്തെ വർഷത്തെ വാറന്റി 75,000 കിലോ മീറ്റർ വരെ) അല്ലെങ്കിൽ 2 വർഷം + 2 വർഷം (മൂന്നും നാലും വർഷങ്ങളിൽ 100,000 കിലോമീറ്റർ വരെയുള്ള അധിക വാറന്റി) എന്നീ അധിക വാറന്റി ഓപ്ഷനുകളുമുണ്ട്.

ആവേശമുണർത്തുന്നതും മികച്ച സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്നതുമായ കാറുകൾ വിപണിയിലെത്തിക്കുന്നതിനുള്ള താത്പര്യവും പ്രതിബദ്ധതയുമാണ് ടിയാഗോയിലൂടെ പ്രതിഫലിക്കുന്നതെന്ന് ടാറ്റാ മോട്ടോഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ഗന്തർ ബുക്ഷേ പറഞ്ഞു.

ടാറ്റാ മോട്ടോഴ്‌സിന്റെ മേയ്ഡ് ഓഫ് ഗ്രേറ്റ് എന്ന പ്രചാരണ പരിപാടിയുടെ കീഴിൽ പുതിയ രൂപകൽപ്പനയിൽ നിർമിച്ച ആദ്യത്തെ കാറാണ് ടിയാഗോ എന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മായങ്ക് പരീഖ് പറഞ്ഞു.