ഹ്യൂണ്ടായ് ബിസിസിഐയുടെ ഔദ്യോഗിക പങ്കാളി

Posted on: March 9, 2016

Hyundai--BCCI-mou-signing-B

കൊച്ചി : ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ)യുടെ അടുത്ത നാല് വർഷത്തെ ഔദ്യോഗിക പങ്കാളി ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യയായിരിക്കും. 2016 മുതൽ 2019 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ മത്സരങ്ങൾക്കും (ടെസ്റ്റ്, ഏകദിനം, ടി-20) ഇത് ബാധകമാണ്.

കരാർ പ്രകാരം ഇന്ത്യയിൽ മത്സരങ്ങൾ നടക്കുന്ന വേളയിൽ അതുമായി ബന്ധപ്പെട്ടവർക്കെല്ലാം യാത്ര ചെയ്യാനായി ഹ്യൂണ്ടായിയുടെ പ്രീമിയം കാറുകൾ ലഭ്യമാക്കുന്നതാണ്. മത്സരങ്ങൾ നടക്കുന്ന സമയത്ത് ഹ്യൂണ്ടായ് കാറുകളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കും. ബിസിസിഐയുമായി സഹകരിച്ച് ട്രോഫികളുമായി നഗരങ്ങളിൽ യാത്ര നടത്തും. സ്റ്റേഡിയത്തിനകത്ത് ഹ്യൂണ്ടായ് കാറുകൾ പ്രദർശിപ്പിക്കും. ടി-20 മത്സരവേളയിൽ ടീമുകൾ തങ്ങുന്ന സ്ഥലങ്ങളിൽ ഹ്യൂണ്ടായിയുടെ പരസ്യങ്ങൾ അനുവദിക്കുകയും ചെയ്യും.

ഇന്ത്യക്കാർ ക്രിക്കറ്റിനൊപ്പം കാറുകളെയും ഇഷ്ടപ്പെടുന്നതിനാലാണ് ക്രിക്കറ്റുമായി ഹ്യൂണ്ടായ് സഹകരിച്ചു പോരുന്നതെന്ന് ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ വൈ. കെ. കൂ പറഞ്ഞു. ഹ്യൂണ്ടായിയുമായുള്ള പങ്കാളിത്തം കരുത്തുറ്റതാവുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പറഞ്ഞു.