വിമർശിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല : ജസ്റ്റിസ് സിറിയക് ജോസഫ്

Posted on: February 26, 2016

KMA-K-T-Chandy-Lecture-2016

കൊച്ചി : അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്. അതേസമയം, സർക്കാർ നയത്തെയും കോടതികളുടെ വിധിന്യായത്തെയുമൊക്കെ വിമർശിക്കാനും വിയോജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ആർക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച മാനേജ്‌മെന്റ് വാരാഘോഷ സമാപനത്തിൽ കെ.ടി. ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അഫ്‌സൽ ഗുരുവിനു വധശിക്ഷ വിധിച്ചതിനെ റാം ജഠ്മലാനി ഉൾപ്പെടെ പല പ്രമുഖ അഭിഭാഷകരും വിമർശിച്ചിരുന്നത് ചൂണ്ടിക്കാട്ടിയാണ് സിറിയക് ജോസഫ് അഭിപ്രായ പ്രകടനം നടത്തിയത്. അവർക്കു വിമർശിക്കാൻ അവകാശമുണ്ട്. അതിന്റെ പേരിൽ അവരെ ആരും രാജ്യദ്രോഹികളെന്നു വിളിച്ചില്ല. സഹിഷ്ണുത എന്ന വാക്കു ഭരണഘടനയിൽ ഇല്ലെങ്കിലും അതിന്റെ അന്തഃസത്ത ഉൾച്ചേർന്നിട്ടുണ്ട്. എങ്കിലും, സഹിഷ്ണുത എന്ന വാക്കിനു പകരം ബഹുമാനം എന്ന വാക്കാണു താൻ ഇഷ്ടപ്പെടുന്നതെന്ന് അദേഹം പറഞ്ഞു.

കെഎംഎ പ്രസിഡന്റ് പ്രസാദ് കെ. പണിക്കർ അധ്യക്ഷത വഹിച്ചു. കെഎംഎ മുൻ പ്രസിഡന്റുമാരായ എസ്. രാജ്‌മോഹൻ നായർ, എ .കെ. നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കെ.സി. സിറിയക്, സെക്രട്ടറി സി. എസ്. കർത്ത എന്നിവർ പ്രസംഗിച്ചു.