കേരള മോഡൽ കാലഹരണപ്പെട്ടു : കെ. ജയകുമാർ

Posted on: February 26, 2016

KMA-MKK-Nair-Lecture-2016-B

കൊച്ചി: കേരള മോഡൽ കാലഹരണപ്പെട്ടുവെന്ന് മലയാളം സർവകലാശാല വൈസ് ചാൻസലറും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാർ. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച എംകെകെ നായർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ രംഗത്ത് വൻ തോതിൽ മുതൽ മുടക്കിയെങ്കിലും അതിന്റെ ഫലം സ്വകാര്യ സിബിഎസ്ഇ സ്‌കൂളുകൾ വളർന്നുവെന്നതാണ്. പൊതുവിദ്യാഭ്യാസ നിലവാരം തകർന്നതാണു സിബിഎസ്ഇയുടെ വളർച്ചയ്ക്കു കാരണം. മാർക്ക് ദാനം ഒരു തലമുറയെ മുഴുവൻ നശിപ്പിക്കും. ആരോഗ്യ രംഗത്തു വൻതോതിൽ സർക്കാർ മുതൽമുടക്കിയെങ്കിലും ഇപ്പോൾ സ്വകാര്യ ആശുപത്രികളെയാണു ജനം ആശ്രയിക്കുന്നത്.

ക്ഷേമം നടപ്പാക്കാൻ 30 ക്ഷേമനിധി ബോർഡുകളാണുള്ളത്. അവയിൽ ഉദ്യോഗസ്ഥവൃന്ദം വളർന്നുവെന്നല്ലാതെ പ്രയോജനമില്ലാത്ത അവസ്ഥയാണ്. ക്ഷേമപദ്ധതികൾ നടപ്പാക്കണമെങ്കിൽ ആദ്യം സമ്പത്ത് ഉണ്ടാവണം. സമ്പത്ത് വളരാതെ അതിന്റെ വിതരണം സാധ്യമല്ലെന്ന് ഓർക്കണം. എഴുപതുകളിലും എൺപതുകളിലും ഗൾഫ് പണത്തിന്റെ ഒഴുക്ക് കേരളമോഡൽ വികസനത്തിന്റെ നേട്ടമായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഗൾഫ് അവസരങ്ങൾ ഇല്ലാതാവുന്നതിനാൽ ഇനി കേരളത്തിൽ തന്നെ സമ്പത്തും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. അതനുസരിച്ച് പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതികൾ വരണം.

കാലത്തിനു മുൻപേ നടന്ന മാനേജ്‌മെന്റ് വിദഗ്ധനായിരുന്നു എംകെകെ നായർ എന്ന് പ്രഫ. ജെ. പി. അലക്‌സാണ്ടർ അനുസ്മരിച്ചു. കൊച്ചി നഗരത്തിന് അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും വിലപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎംഎ മുൻ പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റുമാരായ എസ്. രാജ്‌മോഹൻ നായർ, പി. പ്രേംചന്ദ് തുടങ്ങിയവർ പ്രസംഗിച്ചു.