കേരളവികസനത്തിന് പത്തിന അജണ്ട വേണം : ഏലിയാസ് ജോർജ്

Posted on: February 17, 2016
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ  മാനേജ്‌മെന്റ് വാരാഘോഷം  കെഎംആർഎൽ എം ഡി ഏലിയാസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു. എസ്. രാജ്‌മോഹൻ നായർ, ശ്രീജി ഗോപിനാഥൻ, കെ എം എ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ, സി.എസ്. കർത്ത എന്നിവർ സമീപം.

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് വാരാഘോഷം കെഎംആർഎൽ എം ഡി ഏലിയാസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു. എസ്. രാജ്‌മോഹൻ നായർ, ശ്രീജി ഗോപിനാഥൻ, കെ എം എ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ, സി.എസ്. കർത്ത എന്നിവർ സമീപം.

കൊച്ചി : ജീവിക്കാൻ മികച്ച സ്ഥലമായി കേരളത്തെ ബ്രാൻഡ് ചെയ്യണമെന്നും കേരളത്തിന്റെ പുരോഗതിക്കായി എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പത്തിന അജണ്ട രൂപപ്പെടുത്തണമെന്നും കെഎംആർഎൽ എം ഡി ഏലിയാസ് ജോർജ്. കേരളത്തിന്റെ ജലസമ്പത്ത് പരമാവധി ഉപയോഗപ്പെടുത്തി ജലഗതാഗത സംവിധാനം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) മാനേജ്‌മെന്റ് വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് ഇണങ്ങിയ സുസ്ഥിര വികസനം ഉറപ്പാക്കുന്ന പദ്ധതികൾ മാത്രമേ നടപ്പാക്കാവൂ. ഐ ടിയും ബയോടെക്‌നോളജിയും ടൂറിസവുമാണ് നമുക്ക് നല്ലത്. വിനോദ സഞ്ചാര മേഖലയിൽ അനന്ത സാധ്യതകളാണ് കൊച്ചിക്കുള്ളത്. വൻ പദ്ധതികൾ തദ്ദേശീയരുടെ സഹകരണത്തോടെ, വിവാദങ്ങളില്ലാതെ നടപ്പാക്കണം. സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി പൊതു യാത്രാ സംവിധാനത്തിലേക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ എം എ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ അധ്യക്ഷത വഹിച്ചു. റെകിറ്റ് ബെൻകെയ്‌സർ ദക്ഷിണേഷ്യൻ ഡയറക്ടർ ശ്രീജി ഗോപിനാഥൻ, കെ എം എ മുൻ അധ്യക്ഷൻ എസ്. രാജ്‌മോഹൻ നായർ, സെക്രട്ടറി സി. എസ്. കർത്ത, ജോയിന്റ് സെക്രട്ടറി മാധവ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.