ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ പ്രോഗ്രാം കേരളത്തിലേക്കും

Posted on: February 6, 2016

Fisher-friend-App-Launch

കൊച്ചി : ക്വാൽകോം വയർലെസ് റീച്ച് ഇനിഷ്യേറ്റീവും എം. എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനും (എംഎസ്എസ്ആർഎഫ്) സംയുക്തമായി നടപ്പാക്കുന്ന ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ പ്രോഗ്രാം കേരളത്തിലെ മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തി വിപുലീകരിക്കുന്നു.

എംഎസ്എസ്ആർഎഫ് നേതൃത്വം നൽകുന്ന വയർലെസ് റീച്ച് ഫണ്ടഡ് പ്രോഗ്രാമിന്റെ മൂന്നാംഘട്ടത്തിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് മാതൃഭാഷയായ മലയാളത്തിൽ കാലാവസ്ഥ, സമുദ്ര സ്ഥിതി, മത്സ്യലഭ്യത കൂടിയ മേഖലകൾ, വിപണികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ അവരുടെ 3ജി/4ജി കണക്ടിവിറ്റിയുള്ള സ്മാർട്ട് ഫോണിൽ ലഭ്യമാകും. സുരക്ഷിതമായും ഉത്പാദനക്ഷമമായും ലാഭകരമായും മത്സ്യബന്ധനം നടത്തുന്നതിന് ഇത് അവരെ സഹായിക്കും.

ആന്ധ്രപ്രദേശ്, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലായി 2000 ലേറെ മത്സ്യത്തൊഴിലാളികൾ 2007 മുതൽ ഫിഷർഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷൻ അവരുടെ മാതൃഭാഷയിൽ ഉപയോഗിച്ചു വരുന്നു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയിൽ ഗണ്യമായ സംഭാവന നൽകിയിട്ടുള്ള ഈ ആപ്ലിക്കേഷൻ നിർണായകഘട്ടത്തിൽ മോശം കാലാവസ്ഥയിൽ കുടുങ്ങിയ 40 ലേറെ മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു. തങ്ങളുടെ സ്ഥാനം സംബന്ധിച്ച് വിവരം നൽകാൻ ആപ്ലിക്കേഷനിലെ ജിപിഎസ് സൗകര്യം ഇവർ പ്രയോജനപ്പെടുത്തി. മത്സ്യലഭ്യത കൂടുതലുള്ള മേഖലകൾ സംബന്ധിച്ച വിവരങ്ങളിൽ നിന്നും സാമ്പത്തികമായി പ്രയോജനമുണ്ടാക്കാനും കഴിയും.

മത്സ്യലഭ്യത, കാറ്റിന്റെ വേഗം, തിരയുടെ ഉയരം എന്നിവ സംബന്ധിച്ച നിർണായക വിവരങ്ങൾ ലഭ്യമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ നാഷണൽ സെന്റർ ഓഫർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസാണ്.

മത്സ്യത്തൊഴിലാളികൾക്ക് മൊബൈൽ ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതിൽ പൊതു – സ്വകാര്യ പങ്കാളിത്തത്തിന്റെ മികവ് സംബന്ധിച്ച ഉത്തമോദാഹരണമാണ് ഫിഷർ ഫ്രണ്ട് പ്രോഗ്രാമെന്ന് ക്വാൽകോമിന്റെ ഗവൺമെന്റ് കാര്യങ്ങൾ സംബന്ധിച്ച സീനിയർ വൈസ് പ്രസിഡന്റ് ബിൽ ബോൾഡ് അഭിപ്രായപ്പെട്ടു.

കേരളത്തിൽ മൊബൈൽ ബ്രോഡ്ബാൻഡിന്റെ വ്യാപകമായ വ്യാപനം അടിസ്ഥാനമാക്കി ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷന്റെ പ്രയോജനം 3ജി/4ജി കണക്ടിവിറ്റിയുള്ള ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന എട്ടു ലക്ഷം മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാകുമെന്നാണ് വിലയിരുത്തൽ.

മികവുറ്റ രീതിയിൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയതിന് തെളിവാണ് ഫിഷർ ഫ്രണ്ട് മൊബൈൽ ആപ്ലിക്കേഷനെന്ന് എംഎസ്എസ്ആർഎഫ് സ്ഥാപകൻ ഡോ. എം. എസ്. സ്വാമിനാഥൻ ചൂണ്ടിക്കാട്ടി. ഇന്ത്യയിലെയും മറ്റ് വികസ്വര രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾക്ക് ഈ സേവനം ലഭ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.