പുതിയ രാഷ്ട്രീയ സംവിധാനം അനിവാര്യമെന്ന് ജിജി തോംസൺ

Posted on: January 22, 2016

Jiji-Thomson-IAS-Big

കൊച്ചി : രാജ്യത്തെ രാഷ്ട്രീയ സംവിധാനം അടിമുടി ഉടച്ച് വാർക്കണമെന്നു ചീഫ് സെക്രട്ടറി ജിജി തോംസൺ അഭിപ്രായപ്പെട്ടു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ മുപ്പത്തിയഞ്ചാം വാർഷിക മ്മേളനത്തിന് മുന്നോടിയായി നടന്ന യുവ ഇന്ത്യയുടെ സ്വപ്‌നങ്ങൾ എന്ന ചർച്ചയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നെഗറ്റീവ് ചിന്താഗതിയുള്ള ചില സർക്കാർ ഉദ്യോഗസ്ഥരാണ് രാജ്യത്തിന്റെ വളർച്ചയെ മുരടിപ്പിക്കുന്നത്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഉരുളുന്ന കല്ല് പോലെയാണ്. ഒരു കാര്യവും ചെയ്യാൻ രാഷ്ട്രീയ നേതൃത്വം അനുവദിക്കില്ല. എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചാൽ ഉടൻ സ്ഥാന ചലനം ലഭിക്കും. അത് കൊണ്ട് തന്നെ സിവിൽ സർവീസിനോടുള്ള ആഭിമുഖ്യം ചെറുപ്പക്കാരിൽ കുറഞ്ഞ് വരികയാണ്. കൈക്കൂലി നൽകിയാലേ കാര്യം നടക്കൂ എന്നതാണ് സ്ഥിതി.

ജനങ്ങളുടെ മനോഭാവം മാറ്റിയാലേ രാജ്യ പുരോഗതി സാധ്യമാകൂ. നാടിനെ നശിപ്പിക്കുന്ന ചിലർ ഇപ്പോഴും സജീവമായുണ്ട്. മലയാളി നല്ല മാതൃകയാണ്, പക്ഷെ വാളയാർ കഴിയണം. മാർച്ചിന് ശേഷം താൻ പല കാര്യങ്ങളും തുറന്ന് പറയാമെന്നും ജിജി തോംസൺ പറഞ്ഞു. ദീർഘവീക്ഷണവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ വിജയം കൈവരിക്കമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

ഇന്ത്യയെ ലോകത്തെ പ്രഥമ കായിക ശക്തിയാക്കാൻ കഴിയുമെന്നും നാല് ഇനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മെഡൽ നിലയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒന്ന് നേടാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയെ പോലെ മനുഷ്യ വിഭവശേഷിയും പ്രകൃതി സമ്പത്തും തൊഴിലവസരങ്ങളുമുള്ള മറ്റൊരു രാജ്യവുമില്ലെന്നും ജിജി തോംസൺ പറഞ്ഞു.

കെഎംഎ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ അധ്യക്ഷത വഹിച്ചു. രാജഗിരി ഹോസ്പിറ്റൽ സിഇഒയും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ആശംസാ പ്രസംഗം നടത്തി. കെഎംഎ സീനിയർ വൈസ് പ്രസിഡന്റ് മാത്യു ജെ ഉറുമ്പത്ത്, കെഎംഎ സെക്രട്ടറി സി.എസ് കർത്ത എന്നിവർ സംസാരിച്ചു.

ത്രില്ലൊഫീലിയ ഡോട്ട് കോം സ്ഥാപകയും സിഇഒയുമായ ചിത്ര ഗുർനാനി ദാഗ, ഐ ട്രാവലർ ഡോട്ട് കോം സ്ഥാപകനും സിഇഒയുമായ ഷിജു രാധാകൃഷ്ണൻ, സ്റ്റാർട്ടപ്പ് സിഇഒ പ്രണവ് കുമാർ സുരേഷ് എന്നിവരും .പങ്കെടുത്തു.