കമഡോർ കെ. സുബ്രഹ്മണ്യത്തിന് കെ എം എ മാനേജ്‌മെന്റ് അവാർഡ്

Posted on: January 21, 2016

Comader-K.-Subramaniam-Coch

കൊച്ചി : കേരള മാനേജ്‌മെന്റ് അസോസിയേഷൻ ( കെ എം എ) മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡിന് കൊച്ചി കപ്പൽ നിർമാണശാല മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കമഡോർ കെ. സുബ്രഹ്മണ്യം അർഹനായി. കേരളത്തിൽ മാനേജ്‌മെന്റ് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെയ്ക്കുന്നവർക്ക് കെ എം എ നൽകുന്ന വാർഷിക ബഹുമതിയാണ് കെ എം എ മാനേജ്‌മെന്റ് ലീഡർഷിപ്പ് അവാർഡ്.

രാഷ്ട്രപതിയുടെ മുൻ സെക്രട്ടറി ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് ചെയർമാനായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. പ്രഫ. ഉണ്ണിക്കൃഷ്ണൻ നായർ, ജോസ് ഡോമിനിക്, പ്രസാദ് പണിക്കർ, സുനിൽ സക്കറിയ എന്നിവർ അംഗങ്ങളായിരുന്നു.

കൊച്ചി കപ്പൽ നിർമാണ ശാലയിൽ 5 വർഷം സിഎംഡിയായും 3 വർഷം ഓപറേഷൻസ് ഡയറക്ടറായും പ്രവർത്തിച്ച സുബ്രഹ്മണ്യം കൊച്ചി കപ്പൽ നിർമാണശാലയ്ക്ക് ചരിത്ര നേട്ടങ്ങളാണ് സമ്മാനിച്ചത്. എക്കാലത്തെയും മികച്ച വിറ്റുവരവായ 1500 കോടി രൂപ കൊച്ചി കപ്പൽ ശാലയ്ക്ക് നേടാനായത് സുബ്രഹ്മന്യത്തിന്റെ കാലഘട്ടത്തിലാണ്. പ്രതിരോധ മേഖലയിലും ചരിത്രങ്ങൾ സൃഷ്ടിച്ച് തദ്ദേശീയമായി വിമാനവാഹിനി കപ്പല നിർമ്മിച്ച് നാവിക സേനയ്ക്ക് കൈമാറാൻ ആയതും സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ്.