വി സ്റ്റാറിന് പുതിയ ലോഗോ

Posted on: August 13, 2014

V-star-new--logo--launch

രാജ്യാന്തര വിപണിയിൽ സാന്നിധ്യം ഉറപ്പാക്കുന്നതിന്റെയും എക്‌സ്‌ക്ലൂസീവ് ബ്രാൻഡ് ഔട്ട്‌ലെറ്റുകൾ തുടങ്ങുന്നതിന്റെയും ഭാഗമായി ഇന്നർവെയർ നിർമാതാക്കളായ വി സ്റ്റാർ പുതിയ വ്യാപാര മുദ്ര അവതരിപ്പിച്ചു. ഗുണമേന്മയിലും ഡിസൈനിംഗിലും അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വി സ്റ്റാർ ഉത്പന്നങ്ങൾ പുതിയ ലോഗോയോടെയാണ് ഇനി വിപണിയിലെത്തുക.

വി സ്റ്റാർ എംഡി ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, വി ഗാർഡ് ഗ്രൂപ്പ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്നിവർ ചേർന്ന് പുതിയ ലോഗോ പ്രകാശനം ചെയ്തു. ഓരോരുത്തരുടെയും ഉള്ളിൽ തിളങ്ങുന്ന ഒരു വ്യക്തിത്വം ഉണ്ടെന്നും അതിനെ പുറമെ പ്രതിഫലിപ്പിക്കാൻ വി സ്റ്റാർ ധരിക്കുന്നതിലൂടെ കഴിയുമെന്നുമാണ് ‘വി’ എന്ന ഇംഗ്ലീഷ് അക്ഷരവും അതിനുള്ളിൽ കാണുന്ന നക്ഷത്രത്തിന്റെ പ്രതിരൂപവും ചേർന്ന പുതിയ ലോഗോ സൂചിപ്പിക്കുന്നതെന്നു ഷീലാ കൊച്ചൗസേപ്പ് പറഞ്ഞു.

ഈ വർഷം 75 കോടിയുടെ വിറ്റുവരവാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. കഴിഞ്ഞവർഷം 58 കോടിയായിരുന്നു വിറ്റുവരവ്. വിറ്റുവരവിന്റെ 20 ശതമാനം കയറ്റുമതിയിൽ നിന്നാണ് ലഭിക്കുന്നത്. വി സ്റ്റാറിന്റെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് ഔട്ട് ലെറ്റ് കൊച്ചി എം.ജി. റോഡിലെ സെന്റർ സ്‌ക്വയർ മാളിൽ പ്രവർത്തനമാരംഭിക്കുമെന്നും ഷീലാ കൊച്ചൗസേപ്പ് വിശദീകരിച്ചു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി മാസം തോറും ഒമ്പതു ലക്ഷത്തിലധികം ഇന്നർവെയറുകൾ വിപണിയിലിറക്കുന്ന വി സ്റ്റാറിന് 30 വിതരണക്കാരും 3,000 ഡീലർമാരുമാണുള്ളത്.

TAGS: V Guard Group | V Star |