റെജി ജോസഫിന് ഡോ. ബി. ആർ. അംബേദ്കർ മാധ്യമ പുരസ്‌കാരം

Posted on: December 1, 2015

REJI-JOSEPH-Passport

തിരുവനന്തപുരം : പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംബന്ധിച്ചുളള ഏറ്റവും മികച്ച മാധ്യമ റിപ്പോർട്ടിനും ഫീച്ചറിനുമായി സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഏർപ്പെടുത്തിയിട്ടുളള ഡോ. ബി.ആർ. അംബേദ്കർ മാധ്യമപുരസ്‌കാരത്തിന് അച്ചടി മാധ്യമ വിഭാഗത്തിൽ ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിലെ ശിശുമരണത്തെ സംബന്ധിച്ച് രാഷ്ട്രദീപികയിൽ പ്രസിദ്ധീകരിച്ച അട്ടപ്പാടിയിൽ മരണത്തിന്റെ താരാട്ട് എന്ന പരമ്പരയാണ് റെജി ജോസഫിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.ദൃശ്യമാധ്യമ വിഭാഗത്തിൽ മനോരമ ന്യൂസിലെ മലപ്പുറം ലേഖകൻ എസ്. മഹേഷ്‌കുമാർ പുരസ്‌കാരത്തിന് അർഹനായി. ഡിസംബർ ആറിന് കോഴിക്കോട് കെ.പി. കേശവമേനോൻ സ്മാരക ഹാളിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.

അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം ദിനപത്രത്തിലെ ഒ. മുസ്തഫയും ദൃശ്യമാധ്യമ വിഭാഗത്തിൽ മീഡിയവൺ ടി.വി.യിലെ വിധു വിൻസെന്റും പ്രത്യേക ജൂറി പുരസ്‌കാരത്തിനും അർഹത നേടി. 30,000 രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം. സ്‌പെഷ്യൽ ജൂറി പുരസ്‌കാരമായി 10,000 രൂപയും ശില്പവും നൽകും.

പത്രപ്രവർത്തനരംഗത്ത് ദേശീയ – അന്തർദേശീയ അവാർഡുകളും ഫെലോഷിപ്പുകളും ഉൾപ്പടെ 60 ലേറെ പുരസ്‌കാരങ്ങൾ റെജി ജോസഫ് നേടിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പഴയിടം പുല്ലുതുരുത്തിയിൽ പി. ജെ. ജോസഫിന്റെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. ഭാര്യ ആഷ്‌ലി തെരേസ ജോസ് ഇളങ്ങുളം സെന്റ് മേരീസ് എച്ച് എസ് അധ്യാപികയാണ്. മക്കൾ : ആഗ്‌നസ് തെരേസ്, അൽഫോൻസ് (ഇരുവരും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ).