ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സെന്റർ ഏഴ് ക്ലിനിക്കുകൾ തുറന്നു

Posted on: November 29, 2015

Aster-DM-7-Clinic-Inaugrati

ദുബായ് : യുഎഇ ദേശീയ ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഏഴ് ക്ലിനിക്കുകൾ തുറന്നു. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ, യുഎഇ സാമൂഹിക കാര്യ മന്ത്രി മറിയം മുഹമ്മദ് ഖൽഫാൻ അൽ റൂമി എന്നിവർ ഉദ്ഘാടന നിർവഹിച്ചു. അബുദാബി (ഖാലിദിയ), ദുബായ് മറീന, അൽ ബർഷ, അറേബ്യൻ റാഞ്ചസ്, അൽ ഖൈൽ, അബു ഹെയിൽ, അൽ ഖിസൈസ് എന്നിവിടങ്ങളിലാണ് പുതിയ ക്ലിനിക്കുകൾ തുറന്നിട്ടുള്ളത്. ഇന്ത്യയിലും മിഡിൽഈസ്റ്റിലുമായി 290 ശാഖകൾ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിനുണ്ട്.

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ യുഎഇ നിവാസികൾക്ക് ഒരു വർഷം 1,000 മണിക്കൂർ സൗജന്യ ചികിത്സ നൽകും. തെരഞ്ഞെടുത്ത ക്ലിനിക്കുകളിലാണ് ഈ സേവനം ലഭിക്കുക. ബർ-ദുബായ് മാങ്കൂളിലുള്ള ആസ്റ്റർ ഹോസ്പിറ്റലിൽ ആഴ്ച തോറും 50,000 ദിർഹം ചെലവ് വരുന്ന ശസ്ത്രക്രിയ ഒരു യുഎഇ സ്വദേശിക്ക് സൗജന്യമായി ലഭ്യമാക്കും. യുഎഇ ആരോഗ്യമന്ത്രാലയമോ ദുബായ് ഹെൽത്ത് അഥോറിട്ടിയോ നിർദേശിക്കുന്ന വ്യക്തിക്ക് ആയിരിക്കും ഈ ആനുകൂല്യം ലഭിക്കു. കൂടാതെ യുഎഇയുടെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് 30 ദിവസത്തേക്ക് സൗജന്യ മൊബൈൽ ക്ലിനിക്കിന്റെ സേവനവും ലഭ്യമാക്കുമെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി സർക്കാർ ആശുപത്രികൾക്കു വേണ്ടിയുള്ള രക്തദാന ക്യാമ്പ്, കുട്ടികൾക്കായുള്ള ദേശീയ വസ്ത്രധാരണ മത്സരം, ക്ലിനിക്കുകളിൽ യുഎഇയുടെ സാംസ്‌കാരിക കലാപരിപാടികൾ, ഏറ്റവും മികച്ച ആരോഗ്യ പാചക കുറിപ്പ് മത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും. ആസ്റ്റർ ക്ലിനിക്കുകളിൽ എത്തുന്നവർക്ക് രാഷ്ട്രത്തോടുള്ള സ്‌നേഹവും കടപ്പാടും പ്രതിഫലിക്കുന്ന സന്ദേശങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്.

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ, ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. വിൽസൺ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.