ആന്ധ്രാ ബാങ്കിന് 626 കോടി പ്രവർത്തനലാഭം

Posted on: August 5, 2014

Andhra-Bank-logo-s

നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ ആന്ധ്രാ ബാങ്ക് 626 കോടി രൂപയുടെ പ്രവർത്തന ലാഭവും 107 കോടി രൂപയുടെ അറ്റാദായവും നേടി. ഏപ്രിൽ – ജൂൺ വരെയുള്ള മൂന്നു മാസക്കാലത്ത് വിപരീത സാഹചര്യങ്ങളെ മറികടന്ന് മുൻവർഷം ഇതേ കാലയളവിനെയപേക്ഷിച്ച് മിക്ക രംഗങ്ങളിലും മികച്ച നേട്ടമുണ്ടാക്കാൻ ബാങ്കിനു കഴിഞ്ഞെന്ന് കേരള മേഖലാ മാനേജർ പി മസിലാമണി പറഞ്ഞു.

മൊത്തം ബിസിനസ് 2,61,707 കോടി രൂപയായി ഉയർന്നു. മുൻ വർഷം ഇതേ കാലയളവിൽ 2,26,265 കോടിയായിരുന്നു. വർധന 15.7 ശതമാനം. മൊത്തം നിക്ഷേപം 17. 2 ശതമാനം ഉയർന്ന് 147519 കോടിയായി. മൊത്തം ക്രെഡിറ്റ് 13.7 ശതമാനം വർധിച്ച് 114188 കോടിയുമായി. കറന്റ്, സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങളിൽ നിന്നുള്ള മൊത്തം തുക 34668 കോടിയായത് 15.6 ശതമാനം വർധനയോടെ. മൊത്തനിക്ഷേപത്തിൽ ഈ വിഹിതം 23.5 ശതമാനം വരും.

ഈ ക്വാർട്ടറിൽ മൊത്ത വരുമാനം 4205 കോടി രൂപയായി. 3386 കോടിയാണ് പലിശയിനത്തിലെ വരുമാനം. ഇക്കാലയളവിൽ പ്രതിയോഹരി വരുമാനം 7.26 രൂപയായും ബുക്ക് വാല്യു 147.88 രൂപയായും ഉയർന്നു. മൊത്തം നിഷ്‌ക്രിയ ആസ്തി 6827 കോടി രൂപയാണ്. മുൻഗണനാ വായ്പ 42447 കോടി രൂപയുടേതായിരുന്നു.വർധന 18.1 ശതമാനം.

കൊച്ചി ഉൾപ്പെടെ 9 കേന്ദ്രങ്ങളിൽ ഇക്കാലയളവിൽ സോണൽ ഓഫീസുകൾ ആരംഭിച്ചു. രാജ്യവ്യാപകമായി 2144 ശാഖകളും 1945 എ ടി എമ്മുകളും ബാങ്കിനുണ്ട്. 500 ശാഖകൾ കൂടി ഇക്കൊല്ലം തുറക്കും. മൂവായിരത്തിലേറെ ഗ്രാമങ്ങളിൽ പ്രത്യേക സാമ്പത്തിക ഉത്തേജന പരിപാടി ബാങ്ക് നടപ്പാക്കിവരുന്നു.

TAGS: Andhra Bank |