നരേന്ദ്ര മോദി ലണ്ടനിലെത്തി

Posted on: November 12, 2015

Modi-'s-UK-Visit-Big

ലണ്ടൻ : മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ ഡേവിഡ് കാമറോണുമായി മോദി കൂടിക്കാഴ്ച നടത്തും. തുടർന്ന് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസിൽ ഇരു നേതാക്കളും സംയുക്തവാർത്താ സമ്മേളനവും നടത്തും. പാർലമെന്റ് സ്‌ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയിൽ നരേന്ദ്ര മോദി പുഷ്പാർച്ചന നടത്തും.

തുടർന്ന് ബ്രിട്ടീഷ് പാർലമെന്റിലും ഫിനാൻഷ്യൽ ഹബായ ഗിൽഡ് ഹാളിലും ഇന്ത്യൻ പ്രധാനമന്ത്രി പ്രസംഗിക്കും. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുകയും ഇന്ത്യയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയുമാണ് തന്റെ സന്ദർശന ലക്ഷ്യമെന്ന് ലണ്ടനിലേക്ക് പുറപ്പെടും മുമ്പ് നരേന്ദ്ര മോദി തന്റെ ട്വിറ്ററിൽ കുറിച്ചു.

ബക്കിംഗ്ഹാം പാലസിൽ എലിസബത്ത് രാജ്ഞിയെ സന്ദർശിക്കുന്ന പ്രധാനമന്ത്രി വെമ്പഌ സ്റ്റേഡിയത്തിൽ ബ്രിട്ടണിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ബ്രിട്ടീഷ് കമ്പനികളുടെ സിഇഒമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ജാഗ്വർ ലാൻഡ് റോവർ ഫാക്ടറിയും അദ്ദേഹം സന്ദർശിക്കും.