ഇന്ത്യൻ ഡാറ്റാ സെന്ററുകളിൽ നിന്ന് ക്ലൗഡ് സേവനങ്ങളുമായി മൈക്രോസോഫ്റ്റ്

Posted on: September 30, 2015

Microsoft-Azure-Big

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള ക്ലൗഡ് സേവനങ്ങൾ ഇനി ഇന്ത്യൻ ഡാറ്റാ സെന്ററുകൾ വഴി ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. മൈക്രോസോഫ്റ്റ് അഷ്വർ എന്ന ഈ സേവനം കമ്പനിയുടെ പൂനെ, ചെന്നൈ, മുംബൈ ഡാറ്റാ സെന്ററുകൾ വഴിയാണ് ലഭ്യമാക്കുന്നത്. ഇന്ത്യൻ ഡാറ്റാ സെന്ററുകളിൽ നിന്നും ക്ലൗഡ് സേവനങ്ങൾ നൽകുന്ന ആദ്യ പബ്ലിക്ക് ക്ലൗഡ് സേവനദാതാവാണ് മൈക്രോസോഫ്റ്റ്. ഗവൺമെന്റ് സംരംഭങ്ങൾ, വൻകിട ബിസിനസുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങി സാധാരണ പൗരന്മാർക്ക് വരെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങൾ ലഭ്യമാണ്.

ഇന്ത്യൻ കംപ്യൂട്ടിംഗ് രംഗത്ത് നിർണായകമായൊരു വഴിത്തിരിവിനാണ് മൈക്രോസോഫ്റ്റ് ഇതോടെ തുടക്കമിടുന്നതെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ചെയർമാൻ ഭാസ്‌കർ പ്രമാണിക് പറഞ്ഞു. സർക്കാരുകളുടെയും വൻകിട ബിസിനസുകളുടെയും കംപ്യൂട്ടിംഗ് ആവശ്യങ്ങൾക്ക് തികച്ചും സുരക്ഷിതമായ സൊല്യൂഷനുകളാണ് മൈക്രോസോഫ്റ്റ് ഇന്ത്യ ഒരുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൈക്രോസോഫ്റ്റ് അഷ്വറിനൊപ്പം ഓഫീസ് 365, ഡൈനാമിക്ക് സിആർഎം ഓൺലൈൻ സേവനങ്ങളും മൈക്രോസോഫ്റ്റ് ലഭ്യമാക്കുന്നുണ്ട്.

കഴിഞ്ഞ രണ്ടു വർഷങ്ങൾക്കുള്ളിൽ ക്ലൗഡ് ബിസിനസിന് 100 ശതമാനം വളർച്ചയാണുണ്ടായത്. പ്രാദേശിക ക്ലൗഡ് സേവനങ്ങൾ ലഭ്യമാക്കുന്നതോടുകൂടി സർക്കാരുകൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖല സംരംഭങ്ങൾക്കും ഇന്ത്യൻ ഡാറ്റാ സെന്റർ വഴി ക്ലൗഡ് സേവനങ്ങൾ ഉപയോഗിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.