കെ എം എ വനിതാ ഫോറം സെമിനാർ

Posted on: September 22, 2015

KMA-Woman-Seminar-Sept-2015

കൊച്ചി : സ്ത്രീകൾ സമൂഹത്തിന്റെ പ്രധാന ഭാഗമാണെന്നും അത് കൊണ്ട് തന്നെ അവർക്ക് പ്രത്യേക സംവരണം ആവശ്യമാണെന്ന് കരുതുന്നില്ലെന്നും ഒ ഇ എൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പമേല അന്ന മാത്യു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ എം എ) വിമെൻ മാനേജേഴ്‌സ് ഫോറം സംഘടിപ്പിച്ച ആദ്യ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രതിസന്ധിയേറിയ പ്രശ്‌നങ്ങൾ പോലും ലളിതമായ ആശയങ്ങൾ കൊണ്ട് പരിഹരിക്കുന്നതിൽ വനിതകൾക്ക് പ്രത്യേക കഴിവുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

സ്ത്രീകൾ ജീവിതം മുഴുവൻ വെല്ലുവിളികളെ നേരിടേണ്ടി വരികയും ഉചിതമായ തെരഞ്ഞെടുപ്പുകൾ നടത്തേണ്ടി വരികയും ചെയ്യുന്നത് സ്വാഭാവികമാണെന്നും അവയെ എങ്ങനെ സ്വീകരിക്കുന്നുവെന്നതാണ് പ്രധാനമെന്നും മുഖ്യാതിഥിയായിരുന്ന ദി ചാർട്ടർ സ്‌കൂൾ ഡീനും ഡയറക്ടറുമായ മോളി സിറിൽ പറഞ്ഞു.

കെ എം എ സീനിയർ വൈസ് പ്രസിഡന്റ് മാത്യു ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. നടി അപൂർവ ബോസ്, മരിയ എബ്രഹാം, സുജാത മാധവ് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.