കേരളം മുഴുവൻ സാംസംഗ് സ്മാർട്ട് ക്ലാസുകൾ

Posted on: September 13, 2015

Samsung-Logo-big

കൊച്ചി : സാംസംഗ് ഇലക്ട്രോണിക്‌സ് ഇന്ത്യയുടെ സിഎസ്ആർ സംരംഭമായ സ്മാർട്ട് ക്ലാസ് പദ്ധതി കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, കൊല്ലം, കണ്ണൂർ, തൃശൂർ ജില്ലകളിൽ കൂടി ആരംഭിച്ചു. നിലവിൽ തിരുവനന്തപുരം, മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, കോട്ടയം എന്നീ ജില്ലകളിൽ സാംസംഗ് സ്മാർട്ട് ക്ലാസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ കേരളത്തിലെ സാംസംഗ് സ്മാർട്ട് ക്ലാസുകളുടെ എണ്ണം പതിന്നാലായി.

ഓരോ സ്മാർട്ട് ക്ലാസുകളിലും സാംസംഗിന്റെ ഇന്ററാക്ടീവ് വൈറ്റ് ബോർഡ്, ലാപ്‌ടോപ്പ്, പ്രിന്റർ, വൈഫൈ കണക്ഷൻ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. ജവഹർ നവോദയ വിദ്യാലയങ്ങളിലാണ് സ്മാർട്ട് ക്ലാസുകൾ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം വരുന്ന വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരത നൽകാൻ ഈ പദ്ധതിയിലൂടെ സാധിച്ചതായി സാംസംഗ് ഇന്ത്യ വൈസ് പ്രസിഡന്റ് രാജീവ് മിശ്ര പറഞ്ഞു.