സ്റ്റാർട്ടപ്പ് വെയർഹൗസ് പ്രവർത്തനം തുടങ്ങി

Posted on: September 12, 2015

Nasscom-startup-warehouse-I

കൊച്ചി : കേരളത്തിലെ ആദ്യ സ്റ്റാർട്ടപ്പ് വെയർഹൗസ് കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. ഇൻഫോപാർക്കിൽ നാസ്‌കോം സ്ഥാപിച്ച വെയർഹൗസിന്റെ ഉദ്ഘാടനം വ്യവസായ ഐ.ടി. വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. വ്യവസായ ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ ഐഎഎസ്, നാസ്‌കോം വൈസ് പ്രസിഡന്റ് രാജീവ് വൈഷ്ണവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നാസ്‌കോമിന്റെ 10,000 സ്റ്റാർട്ട് അപ്പ് പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാന സർക്കാർ, ടെക്‌നോ പാർക്ക്, ടി.ബി.ഐ. എന്നിവയുമായി സഹകരിച്ചാണ് വെയർഹൗസ് ആരംഭിച്ചത്. ഐടി. മേഖലയിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സാഹചര്യങ്ങൾ ഒരുക്കുകയാണ് സ്റ്റാർട്ടപ്പ് വെയർഹൗസിന്റെ ലക്ഷ്യം. കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. ജയശങ്കർ പ്രസാദ്, ഇൻഫോ പാർക്ക് സിഇഒ ഋഷികേശ് നായർ , സുയതി ടെക്‌നോളജീസ് സിഇഒ മുകുന്ദ കൃഷ്ണ , യുഎസ്ടി ഗ്ലോബൽ ഡെവലപ്‌മെന്റ് സെന്റർ ഓപറേഷൻസ്, ആഗോള മേധാവി സുനിൽ ബാലകൃഷ്ണൻ, നാസ്‌കോം 10,000 സ്റ്റാർട്ടപ്പ്‌സ് ഡെപ്യുട്ടി ഡയറക്ടർ അശോക് മാടരവല്ലി എന്നിവരാണ് സ്റ്റാർട്ടപ്പ് വെയർഹൗസിന്റെ മേൽനോട്ടം വഹിക്കുന്നത്.

നാസ്‌കോം കൊച്ചി ഇൻഫോപാർക്കിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് വെയർഹൗസിന് ആവശ്യമായ എല്ലാ സഹകരണവും നൽകുമെന്നും, സാങ്കേതികരംഗത്ത് കൂടുതൽ സംരംഭകർക്ക് മുൻ നിരയിലെത്താൻ ഇങ്ങനെ സാധിക്കുമെന്നും കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പുതിയ സ്റ്റാർട്ടപ്പ് വെയർഹൗസിൽ ആറ് സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സിഐഇഡി, അഗ്രിമ ഇൻഫോടെക്, ജനതാ സൊലൂഷൻസ്, ജിയോ സ്‌പേസ് ലൊക്കേഷൻ ഇന്റലിജൻസ്, ക്വാഡ്‌പ്രൊസോ, റാബിടെക് എന്നിവയാണവ.

വിവരസാങ്കേതികവിദ്യയിൽ നൂതനാശയങ്ങളുമായി മുന്നോട്ട് വരുന്ന യുവതലമുറയ്ക്ക് തടസങ്ങൾ കൂടാതെ സ്വന്തമായി വ്യവസായ സംരംഭങ്ങൾ ആരംഭിക്കാനുള്ള നല്ല ചുറ്റുപാട് ഒരുക്കുകയാണ് സ്റ്റാർട്ടപ്പ് വെയർഹൗസിന്റെ ലക്ഷ്യമെന്ന് നാസ്‌കോം പ്രസിഡന്റ് ആർ. ചന്ദ്രശേഖർ പറഞ്ഞു.

ഐടി വ്യവസായത്തിന്റെ നെടുംതൂണുകളാണ് സ്റ്റാർട്ടപ്പുകൾ. പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനും കൂടതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമൊപ്പം സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നതിനും അതു സഹായിക്കുന്നു നാസ്‌കോം വൈസ് പ്രസിഡന്റ് രജത് ടണ്ടൻ പറഞ്ഞു.

Nasscom-startup-warehouse-B

ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ അതിവേഗം വളരുന്ന ഹബാണ് കൊച്ചിയെന്ന് നാസ്‌കോം പ്രൊഡക്ട് കൗൺസിൽ ചെയർമാൻ രവി ഗുരുരാജ് പറഞ്ഞു. നിരവധി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുകൂലമായ ഐടി നയവും ഇതിന് സഹായിക്കുന്നു.

നൂതനാശയങ്ങളുമായി മുന്നോട്ട് വരുന്ന കമ്പനികൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ അവതരണത്തിനാണ് നാസ്‌കോം ഊന്നൽ നൽകുന്നത്. കുറഞ്ഞ ചെലവിൽ സംരംഭം ആരംഭിക്കുന്നതിനൊപ്പം സമാന മേഖലയിലെ മറ്റ് സ്ഥാപനങ്ങളുമായുള്ള പരസ്പരസഹകരണത്തിലൂടെ മെച്ചപ്പെട്ട വളർച്ച നേടാനും സ്റ്റാർട്ടപ്പ് വെയർഹൗസ് അവസരമൊരുക്കുന്നു. സംരംഭകർക്ക് ആവശ്യമായ മാർഗ നിർദേശങ്ങളും ഇവിടെ ലഭ്യമാകും.