സൗത്ത്ഇന്ത്യൻ ബാങ്ക് എക്‌സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: December 9, 2013

SIB-LOGO-b

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 85 വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ആറു പ്രമുഖരെ ആദരിക്കുന്നു. ഡിഎംആർസി മുൻ എംഡി പദ്മവിഭൂഷൺ ഇ. ശ്രീധരൻ, കവി പദ്മവിഭൂഷൺ ഒ.എൻ.വി. കുറുപ്പ്, ഗായകൻ പി. ജയചന്ദ്രൻ, കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ, ചലച്ചിത്രതാരവും അമ്മ പ്രസിഡന്റുമായ ഇന്നസെന്റ്, വി-ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരെയാണ് ആദരിക്കുന്നത്.

ബാങ്കിന്റെ 80  വാർഷികത്തോടനുബന്ധിച്ചു 2009ൽ നടന്ന ചടങ്ങിൽ കെ.ജെ. യേശുദാസ്, അടൂർ ഗോപാലകൃഷ്ണൻ, എം.എ. യൂസഫലി, വർഗീസ് കുര്യൻ, ഡോ. കെ.എം. ചെറിയാൻ എന്നിവരെ ആദരിച്ചിരുന്നു.

ബാങ്കിന്റെ ഡയറക്ടർ ബോർഡാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയുടെ കാഷ് അവാർഡും പ്രശംസാപത്രവുമാണു സമ്മാനിക്കുക. ബാങ്കിന്റെ 85  വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ ബ്രാൻഡ് അംബാസഡർ മമ്മൂട്ടി ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരിക്കും പുരസ്‌കാരങ്ങൾ സമ്മാനിക്കുക. 2014 ഫെബ്രുവരി ഒന്നിന് വൈകുന്നേരം നാലിന് തൃശൂർ ലുലു കൺവൻഷൻ സെന്ററിലാണു ചടങ്ങു നടക്കുകയെന്നു ബാങ്കിന്റെ എംഡിയും സിഇഒയുമായ ഡോ. വി.എ. ജോസഫ് അറിയിച്ചു.