ഐടി : കേരളത്തിൽ തന്നെ തൊഴിലവസരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

Posted on: August 26, 2015

Centre-for-e--governance-fo

തിരുവനന്തപുരം : കേരളത്തിൽ ഐടി രംഗത്തുള്ള എല്ലാവർക്കും സംസ്ഥാനത്തുതന്നെ തൊഴിലവസരമുണ്ടാക്കി കൊടുക്കാനാകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന ഐ.ടി. മിഷന്റെ ആസ്ഥാന മന്ദിരമായ സെന്റർ ഫോർ ഇ-ഗവേണൻസിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെകളിലുണ്ടായ നഷ്ടം നികത്തിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള വികസനമാണ് ഐടി രംഗത്ത് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനു ഉദാഹരണമാണ് സ്റ്റാർട്ടപ്പ് മേഖലയിലേക്ക് യുവാക്കൾ ആവേശപൂർവം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ടെക്‌നോപാർക്കുകൾ, ടെക്‌നോസിറ്റി, സ്മാർട്ട്‌സിറ്റി, ഇൻഫോപാർക്കുകൾ തുടങ്ങിയവ സംസ്ഥാനത്തിന്റെ ഐ.ടി. രംഗത്തെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കും. ടെക്‌നോപാർക്കുകളുടെയും, ടെക്‌നോസിറ്റിയുടെയും അടിസ്ഥാന സൗകര്യവികസനത്തിനും വിപണന പ്രവർത്തനങ്ങൾക്കുമായി അടുത്ത അഞ്ചുവർഷത്തേക്ക് ആയിരം കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. മറ്റ് നാടുകൾ കംപ്യൂട്ടറിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി മുന്നേറിയപ്പോൾ കംപ്യൂട്ടർ വിരുദ്ധ സമരത്തിലൂടെ നമുക്ക് വലിയ തിരിച്ചടിയുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴും ഐ.ടി. രംഗത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം. കർണാടകയുമായുള്ള അന്തരം വളരെ വലുതാണ്. ഇ-ഗവേണൻസിൽ കേരളം ഇപ്പോൾ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയണ്. സർക്കാരിന്റെ നിരവധി സേവനങ്ങൾ ഓൺലൈനിൽ നൽകാൻ നാം പ്രാപ്തരായി. ഡിജിറ്റൽ രംഗത്തും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ മുന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായിരുന്നു. കെ. മുരളീധരൻ എംഎൽഎ, ഐടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. എച്ച്. കുര്യൻ തുടങ്ങിയവർ സംബന്ധിച്ചു.