അടിസ്ഥാന സൗകര്യവികസനത്തിൽ വിട്ടുവീഴ്ച്ച്ചയില്ലെന്ന് മുഖ്യമന്ത്രി

Posted on: August 14, 2015
കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വർഷത്തെ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു. ഹൈബി ഈഡൻ എം എൽ എ, മേയർ ടോണി ചമ്മിനി, വിവേക് കൃഷ്ണ ഗോവിന്ദ്, സി എസ് കർത്ത, പി എച്ച് കുര്യൻ, പ്രസാദ് കെ പണിക്കർ എന്നിവർ സമീപം.

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വർഷത്തെ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിക്കുന്നു. ഹൈബി ഈഡൻ എം എൽ എ, മേയർ ടോണി ചമ്മിനി, വിവേക് കൃഷ്ണ ഗോവിന്ദ്, സി എസ് കർത്ത, പി എച്ച് കുര്യൻ, പ്രസാദ് കെ പണിക്കർ എന്നിവർ സമീപം.

കൊച്ചി: സദുദ്ദേശ്യത്തോടെ എടുക്കുന്ന തീരുമാനങ്ങളിലെ പിശകുകൾ ശരിയായ രീതിയിൽ എടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. സംശയങ്ങളും തർക്കങ്ങളും വിവാദങ്ങളുമാണ് കേരളത്തിന്റെ ശാപമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2015-16 വർഷത്തെ പ്രവർത്തനോദ്ഘാടനവും കെ എം എ നാസ്‌കോം ലീഡർഷിപ് അവാർഡ് ദാനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നേതൃത്വത്തിന് ലഭിക്കുന്ന സംരക്ഷണം ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നില്ല. അത് കൊണ്ട് തന്നെ പരിധിക്കുള്ളിൽ നിന്ന് പ്രവർത്തിക്കാനാണ് ഇവർക്ക് താത്പര്യം. ഇത് കാലതാമസത്തിനിടയാക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ നിരവധി പോരായ്മകൾ ഉണ്ടായിട്ടുണ്ട്. മാറ്റങ്ങളോടു പ്രതികരിക്കാൻ വൈകുന്നതാണ് കേരളത്തിന്റെ പ്രധാന പോരായ്മ. വിവാദങ്ങളെ തുടർന്ന് പലരും പിൻമാറുന്നു. ഇത് കനത്ത നഷ്ടമുണ്ടാക്കി. പോസിറ്റീവ് ആയി കാര്യങ്ങളെ കാണാൻ മടിക്കുന്നു. നഷ്ട്ടങ്ങളുടെ കണക്കെടുത്താൽ ഇത് ബോധ്യമാകുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ വിട്ടു വീഴ്ച്ച്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാദാർധ്യമാക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും വിവാദങ്ങൾ ഉണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പക്ഷെ വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ സർക്കാർ ഏതറ്റം വരെയും പോകും.ഇക്കാര്യത്തിൽ സർക്കാർ മുന്നോട്ട് തന്നെ പോകും. വിഴിഞ്ഞം കേരളത്തിലല്ലായിരുന്നെങ്കിൽ 25 വർഷം മുൻപ് തന്നെ നടപ്പിലായേനെ. വിവാദം ഭയന്ന് ഇനി ഒരു പദ്ധതിയും നഷ്ട്ടപ്പെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവസരം പ്രയോജനപ്പെടുത്തത്തതിന്റെ പേരിൽ സുപ്രീം കോടതി പോലും കേരളത്തെ വിമർശിക്കുന്നു. വിവാദങ്ങളുടെയും തർക്കങ്ങളുടെയും പിന്നാലെ പോകുന്ന സമീപനം ഇനിയെങ്കിലും ഉപേക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ എം എ നാസ്‌കോം ഐ ടി ലീഡർഷിപ് അവാർഡ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി എച്ച് കുര്യന് മുഖ്യമന്ത്രി സമ്മാനിച്ചു. കെ എം എ പ്രസിഡന്റ് പ്രസാദ് കെ പണിക്കർ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം എൽ എ, മേയർ ടോണി ചമ്മിണി, കെ എം എ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിവേക് കൃഷ്ണ ഗോവിന്ദ്, ജോസഫ് കോര, പി. പ്രേംചന്ദ്, ഓണററി സെക്രട്ടറി സി എസ് കർത്ത എന്നിവർ സംബന്ധിച്ചു.