പരിഷ്‌കരിച്ച ടാറ്റാ ഫ്‌ളീറ്റ്മാൻ വിപണിയിൽ

Posted on: November 18, 2013

Tata-Truckഫ്‌ളീറ്റ് ടെലിമാറ്റിക്‌സ് സംരംഭമായ ടാറ്റാ ഫ്‌ളീറ്റ്മാൻ കൂടുതൽ പരിഷ്‌കരിച്ച സേവനങ്ങളുമായി വിപണിയിലെത്തി. ടാറ്റാ ഫ്‌ളീറ്റ്മാൻ മൊബൈൽ ആപ്പ് ആണ് പുതിയ സേവനങ്ങളിൽ പ്രധാനം. ഫ്‌ളീറ്റ് ഉടമകൾക്ക് തങ്ങളുടെ മൊബൈൽ ഫോണിലെ ഫ്‌ളീറ്റ്മാൻ ആപ്പ് ഉപയോഗിച്ച് മുഴുവൻ വാഹനങ്ങളും നിയന്ത്രിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

അശാസ്ത്രീയമായ ബ്രേക്കിടലും ആക്‌സിലേറേഷനും നിരീക്ഷിക്കാനും അങ്ങനെ ഡ്രൈവറുടെ പ്രകടനം നിരീക്ഷിക്കാനും ഫ്‌ളീറ്റ്മാൻ ഉടമകളെ സഹായിക്കുന്നു. നിലവിലുള്ള ടാറ്റാ ഫ്‌ളീറ്റ്മാൻ ഉപയോക്താക്കൾക്കും പുതിയ സേവനങ്ങൾ ലഭ്യമാകും. വാഹനങ്ങളുടെ സാധാരണ പ്രവർത്തനങ്ങളെ ബാധിക്കാതെ തന്നെ ഫേംവെയർ ഓവർ ദ എയർ സംവിധാനത്തിലൂടെ അപ്ഗ്രഡേഷൻ സാധ്യമാണ്.

പുതിയ മൊബൈൽ ആപ്പ് ആൻഡ്രോയ്ഡ്, ആപ്പിൾ പ്ലാറ്റ് ഫോമുകളിൽ സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ഗുഗിൾ മാപ്‌സിലൂടെ രാജ്യത്തെമ്പാടും ലൈവായി വാഹനം നിരീക്ഷിക്കുന്നതിനൊപ്പം മറ്റ് പ്രധാന വിവരങ്ങൾ നോട്ടിഫിക്കേഷനിലൂടെയും അലേർട്ട് ആയും ലഭ്യമാകും. ടാറ്റാ ഫ്‌ളീറ്റ്മാനിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന വിവരങ്ങൾ സുരക്ഷിതമായിരിക്കുവാനായി 256 ബിറ്റ് എൻക്രിപ്ക്ഷനിലുള്ള ഡേറ്റാ കമ്മ്യൂണിക്കേഷനാണ് ഫ്‌ളീറ്റ്മാനിലുള്ളത്.

ട്രാൻസ്‌പോർട്ട് വ്യവസായ മേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ് ടാറ്റാ ഫ്‌ളീറ്റ്മാൻ ടെലിമാറ്റിക്‌സ് ആന്റ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് സർവീസ് എന്ന് ടാറ്റാ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രവി പിഷാരടി പറഞ്ഞു. കൊമേഴ്‌സ്യൽ വാഹന ഉടമകൾക്ക് സാങ്കേതിക തികവാർന്ന പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് പുതിയ സേവനങ്ങളുടെ പിന്നിൽ എന്ന് അദേഹം കൂട്ടിച്ചേർത്തു.