വീഡിയോകോൺ മൂന്ന് മൊബൈൽ നിർമാണപ്ലാന്റുകൾ തുറക്കുന്നു

Posted on: May 17, 2015

Videocon-Mobile-Manufacturi

ഹൈദരാബാദ് : വീഡിയോകോൺ മൂന്ന് മൊബൈൽഫോൺ നിർമാണ പ്ലാന്റുകൾ തുറക്കുന്നു. ഹൈദരബാദ്, കോൽക്കത്ത, മധുരൈ (തമിഴ്‌നാട്) എന്നിവിടങ്ങളിലാണ് നിർമാണ ശാലകൾ ആരംഭിക്കുന്നത്. 60 കോടി രൂപ വീതമാണ് ഓരോ പ്ലാന്റിന്റെയും മുതൽമുടക്ക്. ഈ വർഷം അവസാനത്തോടെ പ്ലാന്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സിഇഒ ജെറോൾഡ് ചഗാസ് പെരെര പറഞ്ഞു.

നിലവിൽ ഔറംഗബാദ് (മഹാരാഷ്ട്ര), കാശിപ്പൂർ (ഉത്തരാഞ്ചൽ) എന്നിവിടങ്ങളിലാണ് ഹാൻഡ്‌സെറ്റ് നിർമാണ യൂണിറ്റുകൾ. പ്രതിമാസം 700,000 യൂണിറ്റുകളാണ് സ്ഥാപിതശേഷി. പുതിയ പ്ലാന്റുകളിൽ വാണിജ്യോത്പാദനം ആരംഭിക്കുന്നതോടെ ശേഷി പ്രതിമാസം 20 ലക്ഷം യൂണിറ്റുകളായി മാറും.

28 ഫീച്ചർ ഫോണുകളും 12 സ്മാർട്ട്‌ഫോണുകളുമാണ് വീഡിയോകോൺ ശ്രേണിയിലുള്ളത്. എല്ലാ മാസവും നാല് പുതിയ ഫോണുകൾ അവതരിപ്പിക്കാനാണ് വീഡിയോകോൺ ഒരുങ്ങുന്നത്. ജൂലൈ മുതൽ പശ്ചിമേഷ്യൻ വിപണിയിലേക്ക് ഫോണുകൾ കയറ്റുമതി ചെയ്യുമെന്നും ജെറോൾഡ് ചഗാസ് പെരെര വ്യക്തമാക്കി.