ബാലരാമപുരം കൈത്തറി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സിസ്സയുടെ സഹകരണം സഹായകമായി : ഡോ. സഞ്ജന ജോണ്‍

Posted on: June 30, 2023

ബാലരാമപുരം : ബാലരാമപുരം കൈത്തറി ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സിസ്സയുടെ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (CISSA) പങ്കിനെ പ്രശംസിച്ചു ന്യൂയോര്‍ക്ക് ആസ്ഥാനമായ രാജ്യാന്തര പ്രശസ്ത ഫാഷന്‍ ഡിസൈനറും മൂവി മേക്കറും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. സഞ്ജന ജോണ്‍ .

നമ്മുടെ പാരമ്പര്യവും വേരുകളും പരിസ്ഥിതി സുസ്ഥിരതയോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്

കഴിഞ്ഞ വര്‍ഷം ബാലരാമപുരത്തുള്ള കൈത്തറിശാലകള്‍ സഞ്ജന സിസ്സയുടെ സഹകരണത്തോടെ സന്ദര്‍ശിക്കുകയും ഡോക്യൂമെന്ററി തയ്യാറാക്കുകയും ചെയ്തിരുന്നു. പ്രകൃതിയുമായി ചേര്‍ന്ന് സുസ്ഥിരമായ ഒരു മോഡല്‍ എന്ന ആശയത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കേരള കൈത്തറിയാണ് അനുയോജ്യമായ ഉദാഹരണമെന്ന് ഡോ സഞ്ജന പറയുന്നു. ‘ഇവിടുത്തെ നെയ്ത്തുകാരുടെ അധ്വാനവും കഴിവും ലോകം അറിയണം എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഞാന്‍ കാലിഫോര്‍ണിയ മാലിബുവില്‍ ബാലരാമപുരം കൈത്തറി ഉപയോഗിച്ച് ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ ‘പാക്ട് & ഇന്റര്‍നാഷണല്‍ ലീഗ് ഓഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ ഒരു ഫാഷന്‍ ഷോയും സംഘടിപ്പിച്ചിരുന്നു’, ഡോ സഞ്ജന പറഞ്ഞു.

അന്താരാഷ്ട്ര മോഡലുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റിവെലില്‍ പങ്കെടുക്കാനാണ് ഡോ. സഞ്ജന ജോണ്‍ വന്നിരിക്കുന്നത്. ഇന്ന് (29/06/23) നടക്കുന്ന പരിപാടിയില്‍ കൈത്തറി മേഖലയ്ക്ക് ആദരവ് നല്‍കുന്നതിനായി ഒരു സെഷനും ഉണ്ടാകും. പരിപടിയില്‍ പ്രശസ്ത നടി സണ്ണി ലിയോണ്‍ പങ്കെടുക്കും.

ബാലരാമപുരം കൈത്തറി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ മെച്ചപ്പെട്ട ഉപജീവനമാര്‍ഗത്തിനായി നൂതനവും ബൗദ്ധികവുമായ പദ്ധതികള്‍ സിസ്സയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു. അതോടൊപ്പം സഞ്ജന ജോണുമായുള്ള സഹകരണം കൈത്തറി മേഖലയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നും സിസ്സയുടെ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം അരിസോണയില്‍ നടന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആയിരത്തോളം പ്രതിനിധികള്‍ അണിഞ്ഞത് സിസ്സയുടെ നേതൃത്വത്തില്‍ ബാലരാമപുരത്തു നിന്ന് കയറ്റി അയയ്ച്ച കൈത്തറി വസ്ത്രങ്ങളായിരുന്നു. സിസ്സയുമായി സഹകരിച്ച് ബാലരമപുരം കൈത്തറി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് ഡോ സഞ്ജന പറഞ്ഞു.

TAGS: Dr. Sanjana Jon |