കുടുംബശ്രീ ദേശീയ ശില്‍പ്പശാലയ്ക്ക് തുടക്കമായി

Posted on: October 18, 2022

കൊച്ചി : കുടുംബശ്രീ ദേശീയ മേഖലാ ശില്‍പ്പശാലയ്ക്ക് എളംകുളം റാഡി സണ്‍ ബ്ലൂ ഹോട്ടലില്‍ തുടക്കമായി. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ ലോകോസ് മൊബൈല്‍ ആപ്ലിക്കേഷന്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നുദിവസത്തെ ശില്‍പ്പശാല സംഘടിപ്പിച്ചത്.

അയല്‍ക്കൂട്ടങ്ങള്‍, എഡിഎസ്, സിഡിഎസ് എന്നിവയുടെ വിവരങ്ങളും പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്താനാണ് പുതിയ ആപ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ആര്‍എല്‍എം) പദ്ധതിയുമായി ബന്ധപ്പെട്ടാണിത്. ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ആപ്പിന്റെ നേട്ടം.

റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ മുഖേനയായിരിക്കും പ്രവര്‍ത്തനങ്ങള്‍, രണ്ടുവര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും പരിശീലിപ്പിക്കും. ആദ്യഘട്ടം തൃശൂരിലെ മുല്ലശേരി ബ്ലോക്കില്‍ നടപ്പാക്കും. രണ്ടാംഘട്ടം ജില്ലയിലെ ബാക്കിയുള്ള 15 ബ്ലോക്കുകളിലും മറ്റു ജില്ലകളിലെ ഓരോ ബ്ലോക്കിലും ഈ സാമ്പത്തികവര്‍ഷം ആരംഭിക്കും. മൂന്നാംഘട്ടത്തില്‍ മറ്റു ജില്ല കളിലെ ബാക്കിയുള്ള ബ്ലോക്കുകളിലും നടപ്പാക്കും.

അയല്‍ക്കൂട്ടം, അതിലെ അംഗങ്ങള്‍, എഡിഎസ്, സിഡിഎസ് എന്നിവയുടെ പ്രൊഫൈല്‍ എന്‍ട്രിയാണ് ആപ്പിലെ ഒരുവിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാല്‍ ഒരാള്‍ക്ക് ഒന്നിലധികം അയല്‍ക്കൂട്ടങ്ങളില്‍ അംഗത്വം നേടാനാകില്ല. സാമ്പത്തിക ഇടപാടുകളുടെ എന്‍ട്രിയാണ് രണ്ടാമത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 50 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്‌സ് പേഴ്‌സണ്‍എന്ന കണക്കില്‍ ആകെ 52 പേരെ തെരഞെഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ രേഖയും നല്‍കും.

വിവരങ്ങള്‍ രജിസ്റ്ററിലും നോട്ടുബുക്കിലും എഴുതിസൂക്ഷിക്കുന്നശൈലി അവസാനിപ്പിക്കാനാകും.  ആപ് പരിചിതമാകുന്നതോടെ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ വിരല്‍ത്തുബില്‍ ലഭ്യമാകും. തദ്ദേശ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് അധ്യക്ഷയായി. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ജോയിന്റ് സെക്രട്ടറി നീതകേജ്രിവാള്‍, കൃഷ്ണ പ്രിയ, എ എസ് ശ്രീകാന്ത്, എസ് സി നിര്‍മല്‍, എംബി പ്രീതി എന്നിവര്‍ സംസാരിച്ചു.

 

TAGS: Kudumbashree |