ഓണച്ചന്തകളിലൂടെ കുടുംബശ്രീ നേടിയത് 2.9 കോടി

Posted on: September 14, 2022

കൊച്ചി : ഓണച്ചന്തകളിലൂടെ ജില്ലയില്‍ കുടുംബശ്രീ നേടിയത് 2.9 കോടി രൂപയുടെ വിറ്റുവരവ്. ജില്ലാതലത്തില്‍ നാലും സിഡിഎസ് തലത്തില്‍ നൂറ്റൊന്നും ഓണച്ചന്തകളാണ് കുടുംബശ്രീ നടത്തിയത്. 3.4 കോടി രൂപയുടെ കച്ചവടമാണ് ലക്ഷ്യമിട്ടിരുന്നത്. 5, 6 തീയതികളിലുണ്ടായ കനത്തമഴ കച്ചവടത്തെ ബാധിച്ചെന്ന് കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ (മാര്‍ക്കറ്റിംഗ്) പി ആര്‍ അരുണ്‍ പറഞ്ഞു. 19.23 ലക്ഷം രൂപയുടെ കച്ചവടം നടത്തിയ പള്ളിപ്പുറം സിഡിഎസിന്റെ ഓണച്ചന്തയാണ് വില്‍പ്പനയില്‍ ഒന്നാമത്.

ഞാറയ്ക്കല്‍ സിഡിഎസ് 13.19 ലക്ഷം രൂപയുടെയും ചിറ്റാറ്റുകര സിഡിഎസ് 9.95 ലക്ഷം രൂപയുടെയും വില്പ്പന നടത്തി. ജില്ലാ ഓണച്ചന്തകളില്‍ ഏറ്റവും കൂടുതല്‍ കച്ചവടം നടത്തിയത് എറണാകുളത്തപ്പന്‍ ഗ്രൗണ്ടിലാണ്. 5.40 ലക്ഷം രൂപയുടെ കച്ചവടം ഇവിടെ നടന്നു. കുടുംബശ്രീ ഓണച്ചന്തകളിലൂടെ 55 ലക്ഷം രൂപയുടെ പച്ചക്കറിയും 26 ലക്ഷത്തിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളും ഉള്‍പ്പെടെ 81 ലക്ഷം രൂപയുടെ കാര്‍ഷികോത്പ്പന്നങ്ങള്‍വിറ്റു.

മൂന്നുമുതല്‍ അഞ്ചുദിവസംവരെ കുടുംബശ്രീ ഓണച്ചന്തകള്‍ പ്രവര്‍ത്തിച്ചു. കുടുംബശ്രീയുടെ 2800 സംരംഭ ഗ്രൂപ്പുകളുടെയും 1500 ജെഎല്‍ജി ഗ്രൂപ്പുകളുടെയും ഉത്പ്പന്നങ്ങളാണ് വില്പ്പനയുണ്ടായിരുന്നത്. ഓണച്ചന്തകളിലൂടെ ഒരു അയല്‍ക്കൂട്ടം അംഗം കുറഞ്ഞത് 100 രൂപയുടെയെങ്കിലും ഉത്പ്പന്നം വാങ്ങണമെന്ന് സിഡിഎസ് നിര്‍ദേശിച്ചിരുന്നു. ഇത് നടപ്പാക്കാന്‍ കൂപ്പണ്‍സമ്പ്രദായവും ചിലയിടങ്ങളില്‍ ഏര്‍പ്പെടുത്തി. ചില സിഡിഎസുകളില്‍ ഇത് കാര്യക്ഷമമായി നടപ്പായത് ഓണച്ചന്തകള്‍ക്ക് ഗുണകരമായി.

വിവിധതരം പൊടികള്‍, മസാലപ്പൊടികള്‍, സ്‌ക്വാഷ്, അച്ചാറുകള്‍, ഉപ്പേരികള്‍, സോപ്പ്, കരകൗശല ഉല്‍പ്പന്നങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഷികോത്പ്പന്നങ്ങള്‍ തുടങ്ങിയവയാണ് ഓണച്ചന്തകളിലൂടെ കുടുംബശ്രീ വിറ്റത്. കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ച് മികച്ച കച്ചവടമാണ് ഇത്തവണ നടന്നതെന്നും പി ആര്‍ അരുണ്‍ പറഞ്ഞു.

 

TAGS: Kudumbashree |