ആയിരത്തിലധികം തൊഴിലവസരങ്ങളുമായി ആക്‌സിയ ടെക്‌നോളജീസ്

Posted on: March 25, 2022

തിരുവനന്തപുരം : മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ക്കും ഓട്ടോമോട്ടീവ് രംഗത്തെ അനുബന്ധ ടിയര്‍ വണ്‍ കമ്പനികള്‍ക്കും സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത സേവനം നല്‍കുന്ന ആക്‌സിയ ടെക്‌നോളോജീസ് വിപുലീകരണത്തിനൊരുങ്ങുന്നു. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3യില്‍ എംബസി ടോറസ് ടെക്‌സോണിലാണ് പുതിയ ഓഫീസ് തുറക്കുന്നത്. 85000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ ഓഫീസ് സ്‌പേസാണ് ആക്‌സിയ ലീസിംഗിലൂടെ സ്വന്തമാക്കാനൊരുങ്ങുന്നത്. ആയിരത്തിലേറെ ജീവനക്കാരെ ഉള്‍ക്കൊള്ളാനാകുമെന്നതാണ് വലിയ പ്രത്യേകത.

ഐടി മേഖലയുടെ കുതിപ്പ് ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തില്‍ ടെക്‌നോപാര്‍ക്കില്‍ സജ്ജീകരിച്ച സ്‌പെഷ്യല്‍ എക്കണോമിക് സോണ്‍ കെട്ടിടമാണ് എംബസി ടോറസ് ടെക്‌സോണ്‍. ഈ മേഖലയില്‍ ഓഫീസ് കെട്ടിടം സ്വന്തമാക്കിയ ആദ്യ കമ്പനികളില്‍ ഒന്നായി മാറിയിരിക്കുകയാണ് ആക്‌സിയ. മുന്‍നിര വിദേശ കമ്പനികളില്‍ നിന്ന് നിരവധി പുതിയ പ്രൊജക്ടുകള്‍ ആക്‌സിയയെ തേടിയെത്തിയിട്ടുണ്ട്. പദ്ധതികളുടെ നടത്തിപ്പിനായി ആയിരത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. ഇതിന്റെ കൂടി ഭാഗമായാണ് വിശാലമായ ഓഫീസ് കെട്ടിടം വേണമെന്ന ആശയത്തിലേക്ക് ആക്‌സിയ മാനേജ്‌മെന്റ് എത്തിയത്. കെട്ടിടം പാട്ടത്തിലെടുക്കാനുള്ള കരാറില്‍ ആക്‌സിയ കഴിഞ്ഞ ദിവസം ഒപ്പുവച്ചു.

ടെക്‌നൊപാര്‍ക്കില്‍ കമ്പനിയുടെ നിലവിലുള്ള ഓഫീസും പുതിയ ഓഫിസിനൊപ്പം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്ന് ആക്‌സിയ സിഇഒ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. ഓട്ടോമോട്ടീവ് മാര്‍ക്കറ്റിലെ പുതിയ ട്രെന്‍ഡുകള്‍ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയറിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയെ ഉയര്‍ത്തി കാണിക്കുന്നുണ്ട്. ഓട്ടോമോട്ടീവില്‍ ഇലക്ട്രിക്, ഇലക്ട്രോണിക്സ് സംവിധാനങ്ങളുടെ ദ്രുതഗതിയിലുള്ള കടന്നുവരവ് ഈ മാറ്റത്തിന് ഇന്ധനമായി. വാഹന നിര്‍മ്മാതാക്കളും അനുബന്ധ കമ്പനികളും ഒരു പങ്കാളിത്ത ആവാസവ്യവസ്ഥ വികസിപ്പിച്ചുകൊണ്ട് അവരുടെ സോഫ്റ്റ്വെയര്‍ സ്വയം നിര്‍മ്മിക്കുക അല്ലെങ്കില്‍ വാങ്ങുക എന്ന തന്ത്രത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ലോകത്തെ മുന്‍ നിര കമ്പനികളാണ് ആക്‌സിയ ടെക്നോളജീസുമായി സഹകരിക്കാന്‍താല്‍പ്പര്യം പ്രകടിപ്പിച്ചു മുന്നോട്ട് വന്നിരിക്കുന്നത് എന്നും ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു.

നൂതന ഓട്ടോമോട്ടീവ് സോഫ്റ്റ്വെയറുകളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ ദ്രുതഗതിയില്‍ നിറവേറ്റി കൊടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായണ് പുതിയ ഓഫീസ് സജ്ജീകരിക്കുന്നത്.

ഇലക്ട്രിഫൈഡ്, ഓട്ടോണോമസ്, കണക്ടഡ്, ഷെയേര്‍ഡ് തുടങ്ങി ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യക്കു വേണ്ട സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കാനുള്ള കമ്പനിയുടെ വരുംകാല പദ്ധതികള്‍ക്കെല്ലാം ഇനി എംബസി ടോറസിലെ ഓഫീസ് കെട്ടിടം വേദിയാകും. 2014 ല്‍ ടെക്‌നോപാര്‍ക്ക് കേന്ദ്രീകരിച്ച് തന്നെയായിരുന്നു ആക്‌സിയ പ്രവര്‍ത്തനം തുടങ്ങിയത്. എട്ട് വര്‍ഷം കൊണ്ട് രാജ്യാന്തര തലത്തില്‍

വേരുറപ്പിച്ച ആക്‌സിയ ടെക്‌നോളജീസ് ബേസ്മാര്‍ക്ക്, സെഗുല ടെക്‌നോളജീസ് ഉള്‍പ്പടെ ലോകത്തിലെ മുന്‍നിര കമ്പനികളുമായും, യൂറോപ്പിലെ പ്രമുഖ വാഹനനിര്‍മ്മാതാക്കളുമായും ഇതിനോടകം സഹകരിച്ചു കഴിഞ്ഞു.