മില്‍മ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്പന വിപുലീകരിക്കുന്നു

Posted on: April 30, 2022

തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ തലസ്ഥാനത്ത് വൈവിധ്യമേറിയ മില്‍മ ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിപണനം വിപുലീകരിച്ചു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനമായ ഹോപ്പോണ്‍ വര്‍ക്ക്‌സുമായി സഹകരിച്ചാണ് ഓര്‍ഡര്‍ അടിസ്ഥാനമാക്കി മില്‍മ ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നത്.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘ഹോപ്പോണ്‍’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനാകും. തിരുവനന്തപുരം മേഖലാ യൂണിയനു കീഴിലുള്ള കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും വൈകാതെ ഈ സേവനം വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ വിപണന രംഗത്ത് ചുവടുറപ്പിച്ച് വില്പന വര്‍ദ്ധിപ്പിക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സ്ഥാപനങ്ങളുമായി ചര്‍ച്ച നടന്നുവരികയാണ്.

ഇതുകൂടാതെ മില്‍മ ഉത്പന്നങ്ങള്‍ ജനഹൃദയങ്ങളിലെത്തിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് കീഴിലുള്ള കെയുആര്‍ടിസിയുടെ ലോഫ്‌ളോര്‍ ബസുകളില്‍ മില്‍മ ബ്രാന്‍ഡിംഗ് നടത്തി. ആറ്റിങ്ങല്‍, പാറശാല, വെഞ്ഞാറമൂട് റൂട്ടിലുള്ള ബസുകളിലാണ് ബ്രാന്‍ഡിംഗ് നടത്തിയിരിക്കുന്നത്. ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, നെയ്യ് ഉള്‍പ്പെടെയുള്ള മില്‍മ ഉത്പന്നങ്ങളുടെ ആകര്‍ഷകമായ ചിത്രങ്ങളാണ് ബസുകളില്‍ പതിപ്പിച്ചിരിക്കുന്നത്.

മില്‍മ ഉത്പന്നങ്ങളെക്കുറിച്ച് പ്രചാരണം നല്‍കുന്നതിലൂടെ അവയുടെ വില്പന വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ എംഡി ഡിഎസ് കോണ്ട പറഞ്ഞു.

 

TAGS: Milma |