10 കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ സിജിഎച്ച് എര്‍ത്ത് പദ്ധതി മറയൂരില്‍ ആദ്യ പാര്‍ക്ക്

Posted on: October 22, 2021

തിരുവനന്തപുരം : സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ പങ്കാളിത്ത സൗഹൃദ പദ്ധതിയായ ‘കാരവന്‍ കേരള’യുടെ ഭാഗമായി ആതിഥേയ മേഖലയിലെ പ്രമുഖ ഗ്രൂപ്പായ സിജിഎച്ച് എര്‍ത്ത് സംസ്ഥാനത്ത് പത്ത് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഇടുക്കിയിലെ മറയൂരിലാണ് ആദ്യ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുക.

സംസ്ഥാനത്തെ ആതിഥേയ മേഖലയിലെ പ്രമുഖ സംരംഭകര്‍ തന്നെ അതതു പ്രദേശത്തെ സ്വാഭാവിക ചുറ്റുപാടുകള്‍ക്ക് കോട്ടം വരുത്താതെ സുസ്ഥിര മാതൃകയില്‍ കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി മുന്നോട്ടു വന്നത് പ്രോത്സാഹനജനകമാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കഴിഞ്ഞ മാസം പ്രഖ്യാപിച്ച സര്‍ക്കാരിന്റെ കാരവന്‍ ടൂറിസം നയത്തിനനുസൃതമായി പരിസ്ഥിതി സൗഹൃദമായാണ് കാരവന്‍ പാര്‍ക്കുകള്‍ നിര്‍മ്മിക്കുന്നതെന്ന് മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്കുശേഷം സിജിഎച്ച് എര്‍ത്ത് ഡയറക്ടര്‍ മൈക്കല്‍ ഡൊമിനിക് പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ട് പ്രാദേശിക സമൂഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയെന്ന സിജിഎച്ചിന്റെ മൂല്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സുസ്ഥിര – ഉത്തരവാദിത്ത വിനോദസഞ്ചാരത്തെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഈ ഗ്രൂപ്പിന് കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലുമായി പന്ത്രണ്ടിലധികം ഹോട്ടലുകളുണ്ട്.

തേയിലത്തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ അഞ്ച് ഏക്കര്‍ സ്ഥലത്താണ് മറയൂരില്‍ കാരവന്‍ പാര്‍ക്ക് സ്ഥാപിക്കുക. തുടക്കത്തില്‍ തന്നെ അഞ്ച് കാരവനുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. ആക്റ്റിവിറ്റി ഏരിയ, താമസ സ്ഥലം, ഡ്രൈവര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, ഭക്ഷണശാല തുടങ്ങി അതിഥികള്‍ക്ക് സുഖപ്രദമായ താമസത്തിനുള്ള എല്ലാ ക്രമീകരണങ്ങളും ഇവിടെ സജ്ജമാക്കും.

ടൂറിസ്റ്റു കാരവനുകളും കാരവന്‍ പാര്‍ക്കുകളുമാണ് കാരവന്‍ ടൂറിസം നയത്തിലെ സുപ്രധാന ഘടകങ്ങള്‍. സംസ്ഥാനത്ത് ടൂറിസത്തിന് അനന്തസാധ്യതകളുളള കേന്ദ്രങ്ങളെ കണ്ടെത്തി അനുഭവവേദ്യമാക്കുന്നതിന് കാരവനുകള്‍ക്ക് പാര്‍ക്ക് ചെയ്യുന്നതിനും സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനാണ് നയം ലക്ഷ്യമിടുന്നത്. മേഖലയിലെ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രാദേശിക സമൂഹത്തിന് പ്രയോജനകരമാകും വിധം ടൂറിസത്തെ സുസ്ഥിര പ്രവര്‍ത്തനമാക്കുന്നതിനുമാണ് ഈ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്.