ബഹ്റൈനിലെ വി.കെ.എല്‍. ഗ്രൂപ്പ് കേരളത്തിന് രണ്ട് ഓക്സിജന്‍ പ്ലാന്റുകള്‍ നല്‍കി

Posted on: May 24, 2021

പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങായി ബഹ്‌റൈനിലെ വി.കെ. എല്‍. ഗ്രൂപ്പ്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും രണ്ട് ഓക്‌സിജന്‍ പ്ലാന്റുകളാണ് ഇവര്‍ നല്‍കുന്നത്.

ആദ്യഘട്ടമായി 75 ലക്ഷം രൂപ വിലവരുന്ന പ്ലാന്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ചതായി വി.കെ.എല്‍. ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യന്‍ പറഞ്ഞു. വര്‍ധിച്ചു വരുന്ന ഓക്‌സിജന്‍ ആവശ്യം
മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിനെത്തുടര്‍ന്ന് പ്ലാന്റ് സ്ഥാപിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു.

മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്‍ സംഭര ണവും ബാഷ്പീകരണവും സമ്മര്‍ദ്ദ നിയന്ത്രണ സംവിധാനവും ഉള്‍പ്പെടെയുള്ള സുസജ്ജമായ പ്ലാന്റാണ് ഇത്. രണ്ടാം ഘട്ടമായി പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍
52 ലക്ഷം രൂപ ചെലവു വരുന്ന ഓക്‌സിജന്‍ പ്ലാന്റാണ് സ്ഥാപിക്കുക.

ഇതും ഉടന്‍ എത്തും. കോവിഡ് വ്യാപകമായതുമുതല്‍ നാട്ടിലും പ്രവാസി ലോകത്തും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് കേരളത്തിലും ഓക്‌സിജന്‍ പ്ലാന്റ് നല്‍കുന്നതെന്നും സര്‍ക്കാരിനൊപ്പം സന്നദ്ധ സംഘടനകളും കൂട്ടായ കോവിഡ് പ്രതിരോധത്തില്‍ സജീവമായി പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇന്‍കല്‍ ബോര്‍ഡ് ഡയറക്ടര്‍ കൂടിയായ ഡോ. വര്‍ഗീസ് കുര്യന്‍ പറഞ്ഞു.