കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സിന് 112 കോടി രൂപ ലാഭം

Posted on: April 28, 2021


കൊല്ലം : കോവിഡ് പ്രതിസന്ധികളെ അതിജീവിച്ച് കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് 112 കോടി രൂപയുടെ ലാഭംനേടി. 783 കോടിയാണ് വിറ്റുവരവ്. അഞ്ചുവര്‍ഷംകൊണ്ട് 530 കോടി രൂപയുടെ ലാഭം സ്ഥാപനം കൈവരിച്ചതായി ചെയര്‍മാന്‍ ഡോ. കെ.ഇളങ്കോവന്‍ അറിയിച്ചു.

കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ ഏറ്റവുംകൂടുതല്‍ ലാഭമുണ്ടാക്കിയ സ്ഥാപനവും കെ.എം.എം.എല്ലാണ്. വൈവിധ്യവത്കരണവും നവീകരണവുമാണ് സ്ഥാപനത്തിനെ ലാഭത്തിലെത്തിച്ചത്. കോവിഡിനെ തുടര്‍ന്ന് ചൈനയില്‍നിന്നും മറ്റുമുള്ള ഉത്പാദനവും കയറ്റുമതിയും കുറഞ്ഞതും നേട്ടമുണ്ടാക്കാന്‍ സഹായിച്ചു.

സ്ഥാപനനവീകരണത്തിന് 120 കോടിയോളം രൂപ ചെലവഴിച്ചു. കരിമണലില്‍നിന്ന് ധാതുക്കള്‍ വേര്‍തിരിക്കുന്ന പുതുസംവിധാനമായ ഫ്രോത്ത് ഫ്‌ളോട്ടേഷന്‍ നടപ്പാക്കി.

എല്‍.പി.ജി.ക്കുപകരം എല്‍.എന്‍.ജി. ഇന്ധനമാക്കി. ഇത് ഉത്പാദനച്ചെലവ് കുറയ്ക്കാന്‍ സഹായിച്ചു. തോട്ടപ്പള്ളിയില്‍നിന്ന് കരിമണല്‍ എത്തിച്ചത് അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമം ഇല്ലാതാക്കി.

മൂന്ന് യൂണിറ്റുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മാനേജിംഗ് ഡയറക്ടര്‍ ചന്ദ്രബോസും അറിയിച്ചു. ടൈറ്റാനിയം സ്‌പോഞ്ച് യൂണിറ്റ് ഏറ്റവും ഉയര്‍ന്ന ഉത്പാദനം കൈവരിച്ചു. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റും മികവിലാണെന്ന് അദ്ദേഹം പറഞ്ഞു.