ബാലരാമപുരം കൈത്തറിക്ക് ആമസോണുമായി വിപണന ധാരണ

Posted on: February 26, 2021

തിരുവനന്തപുരം : കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന ബാലരാമപുരം കൈത്തറിക്ക് പുതുജീവനേകാന്‍ ആരംഭിച്ച കൈത്തറി ചലഞ്ചിന്റെ ഭാഗമാകാന്‍ ആമസോണും. എം.വിന്‍സെന്റ് എം.എല്‍.എ.യുടെ നേതൃത്വത്തിലാണ് കൈത്തറിക്ക് പുതുവിപണി കണ്ടെത്താന്‍ ഓണ്‍ലൈന്‍ വിപണിയിലെ വമ്പന്‍മാരായ ആമസോണുമായി കൈകോര്‍ക്കുന്നത്.

ആദ്യഘട്ടത്തില്‍ നാന്നൂറോളം തൊഴിലാളികള്‍ ഉള്‍പ്പെടുന്ന നാല് സൊസൈറ്റികളാണ് ആമസോണില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ജി.എസ്.ടി.യും പാന്‍ നമ്പരുമുള്ള മുഴുവന്‍ കൈത്തറിത്തൊഴിലാളികളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം.

ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികള്‍ക്ക് കൈത്താങ്ങായി 2020 നവംബറില്‍ ആരംഭിച്ച കൈത്തറി ചലഞ്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. ശശി തരൂര്‍ എം.പി.യും പദ്ധതിക്ക് പിന്തുണയുമായെത്തി.

ഇതിന്റെ ഭാഗമായാണ് എം.എല്‍.എ. ആമസോണ്‍ അധികൃതരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്നാണ് പരമ്പരാഗത കൈത്തറി വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ ആമസോണ്‍ കാരിഗര്‍ പദ്ധതി സഹകരിക്കാന്‍ തീരുമാനിച്ചത്.

ഇതോടെ കൈത്തറി ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്രവിപണിയിലും ഇടംപിടിക്കാനാകുമെന്നാണ് തൊഴിലാളികളുടെ പ്രതീക്ഷ. ഉടന്‍ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നും എം.എല്‍.എ. അറിയിച്ചു.

 

TAGS: Amazon |