കോവിഡിനപ്പുറം ശുഭ പ്രതീക്ഷ : ഇസാഫ് എംഡി പോൾ തോമസ്

Posted on: September 19, 2020

കൊച്ചി : കോവിഡിന്റെ യാഥാര്‍ഥ്യം അംഗീകരിക്കുകയും അതിന്റെ ദുരിതങ്ങളെക്കാള്‍ നന്മകളെ സ്വീകരിക്കുകയും ചെയ്താല്‍ പ്രതിസന്ധികളെ വേഗത്തില്‍ തരണം ചെയ്യാനാകുമെന്ന് ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു. കേരള മാനേജ്‌മെന്റ്അസോസിയേഷന്‍ ലീഡര്‍ ടോക് സെഷനില്‍ സംസാരിക്കുകയായിരുന്നു.

നോട്ട് നിരോധനത്തോടെ പലകാര്യങ്ങളും ഡിജിറ്റല്‍ ആകാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും കോവിഡ് വ്യാപിച്ചതോടെയാണ് സാമ്പത്തിക ഇടപാടുകളെല്ലാം ഡിജിറ്റലാകാനും എല്ലാവരും അക്കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാനും ഇടവന്നത്. സമൂഹത്തെ ശാക്തീകരിക്കുന്നതിലൂടെ മാത്രമേ വികസനം സാധ്യമാകുകയുള്ളു. ഇന്ത്യയില്‍ ഏഴരക്കോടി മൈകാ മോള്‍ ആന്‍ഡ് മീഡിയം സംരംഭകരാണുള്ളത്.

പ്രാദേശികമായി ഉള്‍പ്പെടെ ചെറുകിട- ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് ആവശ്യം. കോവിഡ് സാഹചര്യം 25 മുതല്‍ 35ശതമാനം വരെ ചെറുകിട ഇടത്തരം സംരംഭങ്ങളെ മോശമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ ഇവയ്‌ക്കെല്ലാം തിരികെ വരാനാവുമെന്ന ശുഭപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അസോസിയേഷന്‍ പ്രസിഡന്റ് ജിബു പോള്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് മാധവ് ചന്ദ്രന്‍, ഓണററി സെക്രട്ടറി ബിബു പുന്നുരാന്‍, മുന്‍ പ്രസിഡന്റ് എസ് രാജ്‌മോഹന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.