ടെക്‌നോപാർക്കിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ക്രിസിൽ റേറ്റിംഗ്

Posted on: July 31, 2020

തിരുവനന്തപുരം : പ്രമുഖ ആഗോള റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍ സുസ്ഥിരമായ സാമ്പത്തിക ഭദ്രതയും പ്രവര്‍ത്തന മികവും കണക്കാക്കി നല്‍കുന്ന എ/സ്റ്റേബിള്‍ റേറ്റിംഗ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിന്.

ദീര്‍ഘകാല ബാങ്കിംഗ് സൗകര്യങ്ങള്‍ക്കായി സാമ്പത്തിക മേഖളയിലെ റേറ്റിംഗ്, വിവരം, ഗവേഷണം, വിശകലനം, പ്രതിവിധികള്‍ എന്നിവ പ്രദാനം ചെയ്യുന്ന മുന്‍നിര സ്ഥാപനമായ ക്രിസില്‍ 24 ലെ ഏറ്റവും പുതിയ അവലോകനത്തിലാണ് ടെക്‌നോ പാര്‍ക്കിന് എ/സ്റ്റേബിള്‍ റേറ്റിംഗ് നല്‍കിയിട്ടുള്ളത്.

വൈവിധ്യമാര്‍ന്ന നിരവധി സ്ഥാപനങ്ങളെ ഉള്‍ക്കൊള്ളുന്ന ടെക്‌നോ പാര്‍ക്കിന്റെ ആരോഗ്യകരമായ വായ്പാ സുരക്ഷാ വ്യവസ്ഥകളും ധന വിനിയോഗശേഷിയുമാണ് ഈ റേറ്റിംഗില്‍ പ്രതിഫലിക്കുന്നത്. കൊവിഡ് 19 മഹാമാരി ആഗോളതലത്തിലുണ്ടായ പ്രതിസന്ധികളും സാമ്പത്തിക മാന്ദ്യവും മറികടന്ന് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് സുഗമമായി ചുവടുമാറ്റി, മുപ്പതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന ടെക്‌നോപാര്‍ക്ക് ഐടി മേഖലയില്‍ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നുവെന്ന് റേറ്റിംഗ് സാക്ഷ്യപ്പെടുത്തുന്നു. ടെക്‌നോ പാര്‍ക്കിന്റെ മികച്ച പ്രവര്‍ത്തന പാരമ്പര്യം വരുമാന വളര്‍ച്ചയിലെ ഭാവി പ്രതീക്ഷകളും സംയോജിപ്പിക്കുന്നതാണ് നിലവിലെ റേറ്റിംഗ് എന്ന് കേരള ഐടി പാര്‍ക്ക്‌സ് സിഇഒ. പി. എം. ശശി പറഞ്ഞു.