കണക്ട് ടു വര്‍ക്ക് പദ്ധതിയുമായി കുടുംബശ്രീ

Posted on: July 28, 2020

തിരുവനന്തപുരം: അഭ്യസ്തവിദ്യരായിട്ടും ആഗ്രഹിച്ച മേഖലയില്‍ തൊഴില്‍ നേടാന്‍ കഴിയാത്ത ചെറുപ്പക്കാര്‍ക്ക് സഹായകരമാകുന്ന ‘കണക്ട് ടു വര്‍ക്ക്’ പദ്ധതിയുമായി കുടുംബശ്രീ. ജോലി കണ്ടെത്തുന്നതിനു ബുദ്ധിമുട്ടു നേരിടുന്നവരും ജോലിയിലേക്ക് ബന്ധിപ്പിക്കുന്ന അവസരങ്ങള്‍ ലഭ്യമാകാത്തവരുമായ യുവജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നതാണ് പുതിയ പദ്ധതി. ഇങ്ങനെയുള്ളവരെ കണ്ടെത്തി മികച്ച പരിശീലനം നല്‍കിക്കൊണ്ട് 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു ഫിനിഷിംഗ് സ്‌കൂള്‍ മാതൃകയിലായിരിക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.

ബിരുദം, ബിരുദാനന്തര ബിരുദം, പോളിടെക്‌നിക് ഡിപ്‌ളോമ, ഐ.ടി.ഐ എന്നീ യോഗ്യത നേടിയ 35 വയസില്‍ താഴെയുള്ള അഭ്യസ്തവിദ്യര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാം. പരിശീലനാര്‍ത്ഥിയുടെ കുടുംബത്തിലെ ആരെങ്കിലും ഒരാള്‍ കുടുംബശ്രീ അംഗമായിരിക്കണം.

വാര്‍ഷിക കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം ലഭിച്ച പദ്ധതി, റീബില്‍ഡ് കേരളയുടെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത സിഡിഎസുകളിലാകും നടപ്പാക്കുക. കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷം സര്‍ക്കാരിന്റെ നിര്‍ദേശം ലഭ്യമാകുന്ന മുറയ്ക്ക് പരിശീലന പരിപാടി ആരംഭിക്കാനാണ് തീരുമാനം. ഇതിനായി തൊഴില്‍ നൈപുണ്യ പരിശീലനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനമായ അസാപുമായി (അഡീഷണല്‍ സ്‌കില്‍സ് അക്വിസിഷന്‍ പ്രോഗ്രാം) കരാറിലെത്തിയിട്ടുണ്ട്. ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ വിജയം പരിശോധിച്ച ശേഷമായിരിക്കും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

കേരളത്തിലെ 152 ബ്‌ളോക്കുകളില്‍ നിന്നും ഒന്നു വീതം എന്ന കണക്കില്‍ ആകെ 152 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തില്‍ നിന്നും തെരഞ്ഞെടുത്ത
33 പേര്‍ക്ക് വീതം പരിശീലനം ലഭിക്കും. നിലവില്‍ പദ്ധതി നടപ്പാക്കുന്ന സിഡിഎസുകളില്‍ നിന്നും യോഗ്യരായ പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കി വരികയാണ്. ഓഗസ്റ്റ് 15നുള്ളില്‍ ഇതു പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റര്‍പ്രണര്‍ഷിപ് സ്‌കില്‍, സോഷ്യല്‍ സ്‌കില്‍, പേഴ്‌സണല്‍ സ്‌കില്‍, ഓര്‍ഗനൈസേഷണല്‍ സ്‌കില്‍, പ്രസന്റേഷന്‍ സ്‌കില്‍സ് എന്നിവയില്‍ വിദഗ്ധ പരിശീലനം നല്‍കി 5000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്. എല്ലാ സിഡിഎസുകളിലും അസാപ് പരിശീലകര്‍ മുഖേനയാകും പരിശീലന പരിപാടികള്‍ നടത്തുക. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തെരഞ്ഞെടുത്ത
റിസോഴ്‌സ് പേഴ്‌സന്റെ സേവനവും കുടുംബശ്രീ ഉറപ്പു വരുത്തിയിട്ടുണ്ട്.

പഞ്ചായത്തുകളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പരിശീലനം സംഘടിപ്പിക്കാനാണ് സിഡിഎസുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. പരിശീലന പരിപാടിക്കാവശ്യമായ കംപ്യൂട്ടർ, പ്രോജക്ടര്‍, മേശ, കസേര, പരിശീലനാര്‍ത്ഥികള്‍ക്കുള്ള യാത്രാബത്ത, പരിശീലനം ഏകോപിപ്പിക്കുന്നതിനു വേണ്ടി തിരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കുള്ള ഓണറേറിയം എന്നിവയ്ക്കായി 2,10,000 രൂപ വീതം ഓരോ സിഡിഎസിനും നല്‍കിയിയിട്ടുണ്ട്.

നൈപുണ്യപരിശീലനത്തിന്റെ അഭാവം, അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലെ പരാജയം, അഭിമുഖങ്ങള്‍ നേരിടുന്നതില്‍ അറിവിന്റെ അപര്യാപ്തത എന്നിവ കാരണം ജോലി ലഭ്യമാകാത്ത നിരവധി ചെറുപ്പക്കാരുണ്ട്. ചില മേഖലകളില്‍ പ്രത്യേക തൊഴില്‍ വൈദഗ്ധ്യം ഇല്ലാത്തതും സ്വയം അവസരങ്ങള്‍ കണ്ടെത്തി ജോലിയാക്കി മാറ്റുന്നതിലുള്ള കഴിവില്ലായ്മയും ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. അഭ്യസ്തവിദ്യരെങ്കിലും ഇത്തരം പോരായ്മകളുളള നിരവധി പേര്‍ സമൂഹത്തിലുണ്ടെന്ന് കണ്ടെത്തിയതോടെയാണ് അവര്‍ക്ക് സ്വയം മെച്ചപ്പെടുത്തിക്കൊണ്ട് ജോലി നേടാന്‍ സഹായകമാകുന്ന തരത്തില്‍ കണക്ട് ടു വര്‍ക്ക് പദ്ധതി രൂപീകരിച്ചത്. പദ്ധതിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കായി അതത് സിഡിഎസുകളുമായി ബന്ധപ്പെടാവുന്നതാണ്.