വ്യവസായ പാര്‍ക്ക് സംരംഭകര്‍ക്കു ഇളവുകളുമായി കെഎസ്‌ഐഡിസി

Posted on: June 10, 2020

കൊച്ചി : വ്യവസായ പാര്‍ക്കുകളിലെ സംരംഭകര്‍ക്കു ഭൂമി വാടകയില്‍ ഇളവുകള്‍ നല്‍കി കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെഎസ്‌ഐഡിസി). ഭൂമി വാടകയില്‍ 29 ശതമാനം നല്‍കി സംരംഭങ്ങള്‍ ആരംഭിക്കാനുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശേഷിക്കുന്ന തുക പലിശയില്ലാതെ അഞ്ചുവര്‍ഷത്തിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതിയാകും. നേരത്തെയിത് 50 ശതമാനമായിരിന്നു.

നിലവിലുള്ള നിക്ഷേപകര്‍ക്കു ഭൂമി വാടകയില്‍ ഒരു വര്‍ഷത്തേക്ക് ഇളവും അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്കു പ്രവര്‍ത്തനമൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനു (കെട്ടിടം, ഭൂമി മുതലായവ) ഹ്രസ്വകാലത്തില്‍ 200 ലക്ഷം രൂപവരെ ഈടില്ലാതെ ടോപ്അപ് വായ്പയും അനുവദിക്കും. നിലവിലുള്ള ഈട് വച്ചാണ് അധിക വായ്പ അനുവദിക്കുന്നത്.

നിലവിലെ വായ്പയുടെ മുപ്പതുശതമാനം അല്ലെങ്കില്‍ 200 ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് ആ തുകയാണ് വായ്പയായി ലഭിക്കുക. എട്ടു ശതമാനമാണ് പലിശ നിരക്ക്. പ്രോസസിംഗ് ഫീസ് തുടങ്ങിയ ഫീസുകളുമുണ്ടാവില്ല. മൂന്നുവര്‍ഷമാണ് തിരിച്ചടവ് കാലാവധി. ഇതിനു പുറമേ ആറുമാസത്തെ മോറട്ടോറിയവുമുണ്ടായിരിക്കും.

നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മ, ചെറുകിടസംരംഭകര്‍ക്ക് (എംഎസ്എംഇ) ആസ്തി സൃഷ്ടിക്കുന്നതിനായി പ്രത്യേക വായ്പകളും നല്‍കുന്നുണ്ട്. അമ്പതുലക്ഷം രൂപ മുതല്‍ 500 ലക്ഷം രൂപവരെയാണ് സംരംഭങ്ങള്‍ക്ക് വായ്പയായി ലഭിക്കുന്നത്. നിലവിലുള്ള വായ്പക്കാരുടെ പിഴപ്പലിശ തിരിച്ചടവിനും ഒരു വര്‍ഷത്തെ സാവകാശമുണ്ട്. ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി ഇളവുകളോടെ വായ്പതുക തിരിച്ചടയ്ക്കാനും കെഎസ്‌ഐഡിസി, കിന്‍ഫ്ര വ്യവസായ പാര്‍ക്കുകളിലെ സംരംഭകര്‍ക്ക് അവസരമുണ്ട്.

എന്റര്‍പ്രണേഴ്‌സ് സപ്പോര്‍ട്ട് സ്‌കീം (ഇഎസ്എസ്) വഴി സ്തീരകള്‍, എസ് സി, എസ്ടി, യുവസംരംഭകര്‍ എന്നിവര്‍ക്ക് 20 മുതല്‍ 25 ശതമാനം വരെ നിക്ഷേപ പിന്തുണയും നല്‍കും. സാനിറ്ററി ഉത്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ എന്നിവ നിര്‍മിക്കുന്ന സംരംഭങ്ങള്‍ക്കാണ് ഇഎസ്എസ് സ്‌കീമില്‍ മുന്‍ഗണന.

കെഎസ്‌ഐഡിസിക്കു കീഴിലുള്ള സ്റ്റാര്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറികളുടെ വാടക (എസ്ഡിഎഫ്), കോമണ്‍ ഫെസിലിറ്റി സെന്ററുകളുടെ ഫീസ് എന്നിവ മൂന്നു മാസത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. മൂലധനവായ്പ, ടേംലോണ്‍ എന്നിവയുടെ തിരിച്ചടവിനും ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

TAGS: KSIDC |