മികച്ച വളര്‍ച്ചയുമായി കെഎഫ്‌സി

Posted on: April 22, 2020

തിരുവനന്തപുരം : കേരള ഫിനാന്‍ഷല്‍ കോര്‍പറേഷന്‍ (കെഎഫ്‌സി) 2019-20 ല്‍ വായ്പ അനുവദിക്കുന്നതിലും വിതരണത്തിലും വായ്പ തിരച്ചുപിടിക്കുന്നതിലും വന്‍ വര്‍ധന നേടി. താത്കാലിക കണക്കുപ്രകാരം കോര്‍പറേഷന്‍ 1734 കോടി രൂപയുടെ വായ്പ അനുവദിച്ചു.

വായ്പ തിരിച്ചടവില്‍ 20 ശതമാനം വളര്‍ച്ചയോടെ 1082 കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷം 816 കോടി വായ്പാ വിതരണം ചെയ്ത സ്ഥാനത്ത് 1446 കോടി രൂപ വിതരണം ചെയ്തു. വളര്‍ച്ച 77 ശതമാനം.

നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനും വായ്പാ ആസ്തി വര്‍ധിപ്പിക്കാനും കഴിഞ്ഞെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ അറിയിച്ചു.

കോര്‍പറേഷന്‍ അടിസ്ഥാന പലിശ നിരക്ക് ഒന്‍പതു ശതമാനത്തിലേക്കു താഴ്ത്തി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച അറ്റാദായം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സഞ്ജയ് കൗള്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് – 19 മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങളെ കൈപിടിച്ചുയര്‍ക്കുന്നതിനു കോര്‍പറേഷന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് 10 ശതമാനം വരെ അധിക ലോണ്‍ നല്‍കുന്നതിനും പുതിയ സംരംഭകര്‍ക്ക് 50 ലക്ഷം വരെ ലളിത വ്യവസ്ഥയിലൂടെ വായ്പ അനുവദിക്കുന്നതിനുള്ള പദ്ധതികള്‍ നിലവില്‍ വന്നു.

TAGS: KFC |