സെന്റ് മേരീസ് റബേഴ്സ് സെർബിയയിലേക്ക് 70 ലക്ഷം ഗ്ലൗസുകൾ കയറ്റുമതി നടത്തി

Posted on: March 31, 2020

കൊച്ചി : കാഞ്ഞരപ്പള്ളിയിലെ സെന്റ് മേരീസ് റബേഴ്സ് യൂറോപ്യൻ രാജ്യമായ സെർബിയയിലേക്കു 70 ലക്ഷം (35 ലക്ഷം ജോഡി) സർജിക്കൽ ഗ്ലൗസുകൾ (കൈയുറകൾ) കൊച്ചി വിമാനത്താവളം വഴി കയറ്റുമതി നടത്തി. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സെർബിയൻ ആരോഗ്യ വിഭാഗത്തിന്റെ ഓർഡർ ലഭിക്കുകയായിരുന്നു.

ഡച്ച് വിമാനക്കമ്പനിയായ ട്രൻസേവിയ എയർലൈൻസിന്റെ ബോയിംഗ് 747 കാർഗോ വിമാനമാണ് സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലേക്ക് കൈയുറകൾ കൊണ്ടുപോയത്. ഏഴായിരത്തിലധികം പെട്ടികളിലായി 90,385 കിലോഗ്രാം ഭാരമുള്ള കാർഗോ ബെൽഗ്രേഡിൽ എത്തി. സിയാൽ കാർഗോ വിഭാഗവും എയർ കസ്റ്റംസും ചേർന്ന് അതിവേഗം കയറ്റുമതി നടപടികൾ പൂർത്തിയാക്കി.

കയറ്റുമതി തുടരുമെന്നു സെന്റ് മേരീസ് റബേഴ്സ് ഉടമ സണ്ണി ജേക്കബ് അറിയിച്ചു. ട്രാൻസേവിയ എയർലൈൻസിന്റെ കാർഗോ വിമാനം വീണ്ടും കയറ്റുമതിക്കായി കൊച്ചിയിൽ എത്തും. ബൊല്ലോർ ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് കാർഗോ ഏജൻസി.