സി ആര്‍ ഇസഡിലെ ആശയക്കുഴപ്പം പരിഹരിയ്ക്കണമെന്ന് ക്രെഡായ്

Posted on: March 9, 2020

കൊച്ചി: സി ആര്‍ ഇസഡ് നോട്ടിഫിക്കേഷനിലെ ആശയക്കുഴപ്പവും അവ്യക്തതയും പരിഹരിക്കണമെന്ന് ക്രെഡായ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാങ്കേതിക സെഷനില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഏക സ്വരത്തില്‍ ആവശ്യപ്പെട്ടു. സി ആര്‍ ഇസഡ് എന്ന മൂന്നക്ഷരം കേരളത്തിലെ നിര്‍മാണ മേഖലയുടെയും ജനങ്ങളുടെയും വിശ്വാസ്യത തകര്‍ത്തു. തോന്നുംപടി സി ആര്‍ ഇസഡ് മാപ്പ് ഉണ്ടാക്കുന്നതില്‍ കടുത്ത അമര്‍ഷമാണ് സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയത്. കൃത്യമായ കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് ഉണ്ടെങ്കില്‍ മാത്രമേ കോസ്റ്റല്‍ സോങ് റെഗുലേഷനും കൃത്യമായി നടപ്പാക്കാന്‍ കഴിയൂ എന്ന് സമ്മേളനം വിലയിരുത്തി.

പരിവര്‍ത്തനാത്മകമായ പരിസ്ഥിതിയില്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് ഏറെ ശ്രമകരമാണെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉപദേശകന്‍ ഡോ.എ. സെന്തില്‍വേല്‍ അഭിപ്രായപ്പെട്ടു. നിര്‍മാണ മേഖലയിലെ നിക്ഷേപകരും തീരദേശ പരിപാലന അതോറിറ്റിയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കിയാല്‍ മാത്രമേ പ്രശ്‌ന പരിഹാരത്തിന് സാധ്യതയുള്ളൂ. മാപ്പിങ്ങിനായി കൃത്യമായ നിയന്ത്രണ സംവിധാനം ഉറപ്പ് വരുത്തണം. ഇരുപക്ഷവും തമ്മില്‍ ചര്‍ച്ച ചെയ്താല്‍ മാത്രമേ ആശയക്കുഴപ്പം പരിഹരിക്കാന്‍ കഴിയൂ എന്നും സെന്തില്‍വേല്‍ പറഞ്ഞു. സംസ്ഥാന കോസ്റ്റല്‍ സോണ്‍ മാപ്പിംഗ് അതോറിറ്റിക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അവര്‍ ഉത്തരവാദിത്വം നിറവേറ്റിയാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ കേരളത്തില്‍ ഉള്ളുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS: Credai |