ക്രെഡായ് കേരള സമ്മേളനം കൊച്ചിയില്‍

Posted on: March 2, 2020

കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്) കേരളയുടെ സംസ്ഥാന സമ്മേളനം മാര്‍ച്ച് 6, 7 തീയതികളില്‍ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ നടക്കും. ആറിന് രാവിലെ പത്തരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ അധ്യക്ഷന്‍ സതീഷ് മഗര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ക്രെഡായ് കേരള ചെയര്‍മാന്‍ കൃഷ്ണകുമാര്‍, സെക്രട്ടറി ജനറല്‍ എം.വി. ആന്റണി, കോണ്‍ഫറന്‍സ് ചെയര്‍മാന്‍ ഹസീബ് അഹമ്മദ്, ദക്ഷിണേന്ത്യ വൈസ് പ്രസിഡന്റ് നാഗരാജ് റെഡ്ഢി, അനറോക് ഗ്രൂപ്പ് ചെയര്‍മാന്‍ അനൂജ് പുരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ക്രെഡായ് കേരള സമ്മേളനത്തിന്റെ അഞ്ചാമത് എഡിഷനാണ് കൊച്ചിയില്‍ നടക്കുന്നത്. ‘നര്‍ച്ചറിംഗ് അംബീഷന്‍സ് റിവൈവിങ്ങ് ഹോപ്സ് ‘ എന്നതാണ് സമ്മേളനത്തിന്റെ ചര്‍ച്ചാ വിഷയം.

രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് സേവന കമ്പനിയായ അനറോക് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കുറിച്ച് ധവളപത്രം അവതരിപ്പിക്കും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖര്‍ ദ്വിദിന സമ്മേളനത്തില്‍ പങ്കെടുക്കും.

റേറ, അഫോര്‍ഡബിള്‍ ലക്ഷ്വറി ഹൗസിംഗ്, സി ആര്‍ ഇസഡ്, ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മാര്‍ക്കറ്റിംഗ് തുടങ്ങിയവ ചര്‍ച്ചാ വിഷയങ്ങളാകും. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ അഞ്ച് ചാപ്റ്ററുകളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാണിജ്യ, നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട നൂറോളം പ്രത്യേക ക്ഷണിതാക്കളും സമ്മേളനത്തില്‍ പങ്കെടുക്കും.

TAGS: Credai |