ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന് കൊച്ചിയില്‍ തുടക്കം

Posted on: February 20, 2020

കൊച്ചി: എല്ലാ മാറ്റങ്ങളേയും ഉള്‍ക്കൊണ്ട് ഭാവനയോടെ മുമ്പോട്ടു പോകുന്നവയ്ക്കു മാത്രമേ നിലനില്‍ക്കാനാവുകയുള്ളുവെന്ന് ഹീറോ എന്റര്‍പ്രൈസ് ചെയര്‍മാന്‍ സുനില്‍ കാന്ത് മൂഞ്ചാല്‍ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ 39-ാമത് വാര്‍ഷിക ദേശീയ മാനേജ്‌മെന്റ് കണ്‍വെന്‍ഷന്‍ ലെ മെറിഡിയനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്നേട്ടേക്കുള്ള കുതിപ്പിന് ഭാവനയുള്ള മാനേജ്‌മെന്റ് എന്ന പ്രമേയത്തിലാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.
കഴിഞ്ഞ കാലത്തെ വിലയിരുത്തിയും വരും കാലത്തെ മുന്നില്‍ കണ്ടുമാണ് മാറ്റം ആവിഷ്‌ക്കരിക്കേണ്ടത്. വളരെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്ന തങ്ങളുടെ ബിസിനസിന് ഇനിയെന്ത് മാറ്റമാണ് ആവശ്യമെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാല്‍ വലിയ മാറ്റങ്ങളാണ് ലോകത്ത് സംഭവിക്കുന്നതെന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തിന് എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമെന്ന് തിരിച്ചറിയാനാവണം. അതിനനുസരിച്ച് ഏറ്റവും മികച്ച മാറ്റങ്ങളാണ് നടപ്പാക്കേണ്ടത്. ആവശ്യത്തിന് അനുസരിച്ച് മാറാനാവുന്നവയ്ക്ക് മാത്രമേ വരും കാലത്ത് പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളു. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ലോകത്തെ വ്യാവസായി രംഗത്ത് വലിയ കുതിച്ചു ചാട്ടമാണ് സംഭവിച്ചത്. അഞ്ച് വര്‍ഷംകൊണ്ട് നടപ്പാക്കണമെന്ന് കരുതിയ വികസനങ്ങളും മാറ്റങ്ങളും കേവലം ഒറ്റ വര്‍ഷത്തിനകം നടപ്പാക്കേണ്ടതായി വന്നു.

ഒരു കാലത്ത് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ വാല്യങ്ങള്‍ സ്വന്തമാക്കുകയോ ലൈബ്രറികളില്‍ നിന്ന് നോക്കുകയോ ചെയ്യുന്നത് അഭിമാനത്തിന്റെ ചിഹ്നമായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ആ പേരുപോലും അറിയാത്ത അവസ്ഥയാണുള്ളത്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ളവ ലോകത്ത് വരുത്തിയ മാറ്റങ്ങളാണ് ഇതിന് കാരണം. നിങ്ങള്‍ റോഡില്‍ നില്‍ക്കണോ അതോ റോഡ് റോളറില്‍ നില്‍ക്കണോ എന്ന ചോദ്യമാണ് ലോകത്ത് ഉയര്‍ന്നു നില്‍ക്കുന്നത്. റോഡില്‍ തന്നെയാണ് നില്‍ക്കുന്നതെങ്കില്‍ റോഡ് റോളര്‍ നിങ്ങളെ നിരപ്പാക്കിക്കളയുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നും സുനില്‍ കാന്ത് മൂഞ്ചാല്‍ ചൂണ്ടിക്കാട്ടി. ഓരോ രംഗത്തേയും സ്രോതസ്സുകള്‍ ഏതെന്ന് കൃത്യമായി മനസ്സിലാക്കുകയും അവ വളരെ കണിശമായി ഉപയോഗപ്പെടുത്താനും സാധിക്കുന്നതിലൂടെയാണ് വിജയം നേടാനാവുക. അതിന് പുതിയ സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെടെ ആഴത്തിലുള്ള വിജ്ഞാനം കരസ്ഥമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ പകുതിയിലധികമായ വനിതകളെ കൂടി രംഗത്തേക്ക് കൊണ്ടുവരുന്നതിലൂടെ മാത്രമേ വിജയം വരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തുറക്കുകയുള്ളു. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളം താരതമ്യേന ഇക്കാര്യത്തില്‍ മികവ് പുലര്‍ത്തുന്നുണ്ടെന്നും സുനില്‍കാന്ത് മൂഞ്ചാല്‍ ചൂണ്ടിക്കാട്ടി.
സംസ്‌ക്കാരത്തിനും പാരമ്പര്യത്തിനും വിജയത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച അടിത്തറയുള്ള കെട്ടിടം മാത്രമേ നിലനില്‍ക്കുകയുള്ളു എന്നതുപോലെ പാരമ്പര്യവും സംസ്‌ക്കാരവും കൂടി വിജയത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. എന്നാല്‍ നിര്‍ഭാഗ്യകരമായ കാര്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ പാരമ്പര്യം നശിപ്പിക്കപ്പെടുകയാണെന്നും രാജ്യത്തിന്റെ സംസ്‌ക്കാരത്തിലും പാരമ്പര്യത്തിലും കഴിഞ്ഞ മുപ്പത് വര്‍ഷത്തിനകം മുപ്പത് ശതമാനത്തോളം തകര്‍ച്ച നേരിട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കാലത്തിന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് പുതിയ കാലത്തിന്റെ ആവശ്യങ്ങളിലേക്കുള്ള യാത്രയിലേക്ക് ഭാവനയെ മികവോടെ ഉപയോഗപ്പെടുത്താനാവുന്നവര്‍ക്ക് വിജയം വരിക്കാനാവുമെന്നും സുനില്‍കാന്ത് മൂഞ്ചാല്‍ വിശദീകരിച്ചു.

സാമ്പത്തിക പ്രതിസന്ധികളുടെയും തൊഴിലില്ലായ്മയുടെയും പശ്ചാത്തലം ഉണ്ടെങ്കിലും ഇന്ത്യ യുവത്വത്തിലേക്കാണ് ചുവടുകള്‍ വെക്കുന്നതെന്ന് അധ്യക്ഷത വഹിച്ച കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജിബു പോള്‍ പറഞ്ഞു. സാമ്പത്തിക നവീകരണം നടക്കാതിരുന്നതിനെ തുടര്‍ന്നാണ് ഇന്ത്യ സാമ്പത്തിക പ്രതിസന്ധികളില്‍ അകപ്പെട്ടത്. അതുകൊണ്ടുതന്നെ ഭാവനാ പൂര്‍ണമായ മാനേജ്മന്റ് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ് മുന്‍ സി ഇ ഒയും കോര്‍പറേറ്റ് മെന്ററുമായ ക്യാപ്റ്റന്‍ രഘുരാമന്‍ മുഖ്യപ്രഭാഷണം നടത്തി. കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റും കണ്‍വെന്‍ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ ആര്‍ മാധവ് ചന്ദ്രന്‍ സ്വാഗതവും ഹോണററി സെക്രട്ടറി ബിബു പൊന്നൂരാന്‍ നന്ദിയും പറഞ്ഞു.വൈകിട്ട് നടന്ന ചടങ്ങില്‍ സുനില്‍ കാന്ത് മുഞ്ചാലിന്റെ പുസ്തകം ദി മേക്കിംഗ് ഓഫ് ഹീറോ പ്രകാശനം ചെയ്തു.

TAGS: KMA |