നിര്‍മിത ബുദ്ധിയിലൂടെ ലഭിക്കുന്ന വരുമാനം 2.83 ലക്ഷം കോടിയാകും

Posted on: January 17, 2020

കൊച്ചി : അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നിര്‍മിത ബുദ്ധിയിലൂടെ ലഭിക്കുന്ന വരുമാനം 4,000 കോടി ഡോളറാകുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ശശികുമാര്‍ ശ്രീധരന്‍ പറഞ്ഞു. അടുത്ത വര്‍ഷത്തോടെ 85 ശതമാനം സംരംഭകരും നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തും.

അടുത്ത 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാങ്കേതിക വിദ്യ പൂര്‍ണമായും പ്രയോജനപ്പെടുത്താത്ത കമ്പനികള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തുന്നു. കേരള മാനേജിംഗ് അസോസിയേഷന്‍ (കെ. എം. എ.) സംഘടിപ്പിച്ച മൂന്നാമത് കേരള ഡിജിറ്റല്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

86 ശതമാനം സി. ഇ. ഒ. മാരും ഡിജിറ്റലൈസേഷന് പ്രഥമ പരിഗണന നല്‍കുന്നവരാണ്. ബിസിനസിന്റെ അടിസ്ഥാനം തന്നെ സാങ്കേതികവിദ്യയായി മാറുന്ന കാലം വിദൂരമല്ല. പരിവര്‍ത്തനത്തിന് വിധേയനാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതൊരു സംരംഭവും പരാജയത്തിലേക്ക് നയിക്കപ്പെടും. കഴിഞ്ഞ 250 വര്‍ഷങ്ങള്‍ സാക്ഷ്യം വഹിച്ചതിനേക്കാള്‍ വലിയ മാറ്റങ്ങള്‍ക്കായിരിക്കും അടുത്ത പത്ത് വര്‍ഷം സാക്ഷിയാവുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ.എം.എ. പ്രസിഡന്റ് ജിബു പോള്‍ അധ്യക്ഷത വഹിച്ചു. ബൈസാന്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും എംഫസിസ് സഹ സ്ഥാപകനുമായ മോഹന്‍ കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.

കേരള ഡിജിറ്റല്‍ സമ്മിറ്റ് ചെയര്‍മാന്‍ എ. ബാലകൃഷ്ണന്‍ സ്വാഗതവും കെ. എം. എ. സെക്രട്ടറി ബിബു പുന്നൂരാന്‍ നന്ദുയും പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി. ഇ. ഒ. ഡോ. സജി ഗോപിനാഥ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്പി തുടങ്ങിയവര്‍ സംസാരിച്ചു.

TAGS: KMA |