കിച്ചണ്‍ ട്രഷേഴ്‌സില്‍ 80 കോടിയുടെ മൂലധന നിക്ഷേപം

Posted on: October 30, 2019

കൊച്ചി : കറിപൊടി മസാല വിപണിയിലെ മുന്‍നിരക്കാരായ കിച്ചണ്‍ ട്രഷേഴ്‌സിന് 80 കോടി രൂപയുടെ മൂലധന ഫണ്ടിംഗ് ലഭിച്ചു. ബഹ്‌റൈന്‍ ആസ്ഥാനമായ ഇന്‍വെസ്റ്റ്‌കോര്‍പ്പ് എന്ന് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമാണ് മൂലധനനിക്ഷേപം നടത്തുന്നത്.

ഇന്റര്‍ഗ്രോ ബ്രാന്‍ഡ്‌സ് എന്ന കമ്പനിയിലേക്കാണ് തുക എത്തുക. ഈ കമ്പനിക്ക് കീഴിലുള്ള ബ്രാന്‍ഡാണ് കിച്ചണ്‍ ട്രഷേഴ്‌സ്. സമ്പന്ന കുടുംബങ്ങളെ ലക്ഷ്യമിട്ട് പ്രീമിയം വിഭാഗത്തില്‍ സോസുകള്‍, കുക്കിംഗ് പേസ്റ്റുകള്‍ തുടങ്ങ്ിയവ വിപണനം ചെയ്യുന്ന സ്പ്രിഗ് എന്ന ബ്രാന്‍ഡും ഈ കമ്പനിക്കി കീഴിലുണ്ട്.

കിച്ചണ്‍ ട്രഷേഴ്‌സ് സ്പ്രിഗ് എന്നീ ബ്രാന്‍ഡുകളെ ദേശീയതലത്തിലേക്ക് വളര്‍ത്താന്‍ പുതുതായി എത്തുന്ന നിക്ഷേപം പ്രയോജനപ്പെടുത്തുമെന്ന് ഇന്റര്‍ഗ്രോ ബ്രാന്‍ഡിസിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അശോക് മാണി പറഞ്ഞു.

70 ഓളം ഉത്പന്നങ്ങളാണ് ഈ ബ്രാന്‍ഡില്‍ വിപണനം ചെയ്യുന്നത്. ഈ ഉത്പന്നങ്ങളിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്.
നാലുവര്‍ഷത്തിനുള്ളില്‍ ഇത് 350 കോടി രൂപയാക്കും. കോലഞ്ചേരിയില്‍ നിലവിലുള്ള ഫാക്ടറിക്ക് പുറമെ രണ്ട് ഫ്ക്ടറികള്‍ കൂടി തുടങ്ങാനും ലക്ഷ്യമിടുന്നു. ഗള്‍ഫില്‍ യു. എ. ഇ., ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍ വിപണികളില്‍ സാന്നിധ്യമുള്ള ബ്രാൻഡ്  സൗദി, കുവൈത്ത് എന്നിവിടങ്ങളിലേക്കും പ്രവേശിക്കുകയാണ്. സ്പ്രിഗ് ബ്രാന്‍ഡിലുള്ള ഉത്പന്നങ്ങള്‍ മുന്തിയ സാധനങ്ങള്‍ വില്‍ക്കുന്ന ഗോര്‍മെ ഷോപ്പുകളിലൂടെയാണ് വിപണനം നടത്തുന്ന്ത്. ഇത്തരം 3,000 ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.