സി.ആര്‍. ഇസഡ് മാപ്പിങ്ങിലെ വീഴ്ചകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ക്രെഡായ്

Posted on: October 28, 2019

കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തില്‍ നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ നിന്നായി 350 കുടുംബങ്ങളെ ബലം പ്രയോഗിച്ച് ഇറക്കിവിട്ടതോടെ നിരവധി പേരുടെ ജീവിതമാണ് പ്രതിസന്ധിയിലായതെന്ന് ക്രെഡായ്. അപ്പാര്‍ട്ട്‌മെന്റ് വാങ്ങി എന്നതിനപ്പുറം ഉടമകള്‍ തെറ്റൊന്നും ചെയ്തിട്ടില്ല. നിര്‍മാതാക്കളെ നിയമലംഘകരായി ചിത്രീകരിക്കുന്നത് നീതിനിഷേധവും പ്രതിഷേധാര്‍ഹവുമാണെന്ന് ക്രെഡായ് കുറ്റപ്പെടുത്തി. ഫ്ളാറ്റ് ഉടമകളോടും നിര്‍മാതാക്കളോടും കാണിച്ചത് നീതികേടാണെന്ന് വസ്തുത പരിശോധിച്ചാല്‍ മനസിലാകും.

പൊളിക്കാന്‍ ഉത്തരവിട്ട എല്ലാ ഫ്ളാറ്റുകള്‍ക്കും തദ്ദേശ സ്ഥാപനം നല്‍കിയ നിയമപ്രകാരമുള്ള ബില്‍ഡിങ്ങ് പെര്‍മിറ്റുകള്‍ ഉള്ളതാണ്. നിലവിലുണ്ടായിരുന്ന കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ അനുസരിച്ച് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാരാണ് ബില്‍ഡിങ്ങ് പെര്‍മിറ്റിനുള്ള അപേക്ഷ തീരദേശ പരിപാലന അതോറിറ്റി അടക്കമുള്ള ഉത്തരവാദിത്വപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറേണ്ടത്. മുനിസിപ്പാലിറ്റിയും പഞ്ചായത്തും വരുത്തിയ വീഴ്ചകള്‍ക്ക് നിര്‍മാതാക്കള്‍ എങ്ങനെ ഉത്തരവാദികളാകുമെന്നും ക്രെഡായ് ഭാരവാഹികള്‍ ചോദിച്ചു. 2018 നവംബര്‍ 27 നാണ് മരട് സി ആര്‍ ഇസഡ് രണ്ടിലാണോ മുന്നിലാണോ ഉള്‍പെടുന്നതെന്ന് പരിശോധിക്കാന്‍ സുപ്രീം കോടതി മൂനാംഗ കമ്മിറ്റിയെ നിയോഗിച്ചത്. എന്നാ തദ്ദേശ സ്വയംഭരണ വകുപ്പ് സുപ്രീം കോടതിയുടെ അംഗീകാരം തേടാതെ ടെക്‌നിക്കല്‍ സബ്കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തത്. മരട് സി ആര്‍ ഇസഡ് മൂന്നിലാണെന്ന് തെറ്റായി രേഖപ്പെടുത്തിയ തീരദേശ പരിപാലന അതോറിറ്റിയുടെ രണ്ടംഗങ്ങളും സബ്കമ്മിറ്റിയി ഉള്‍പ്പെട്ടിരുന്നു. ഫ്ളാറ്റ് ഉടമകളുടെ ഭാഗം കേള്‍ക്കാനോ അവര്‍ക്ക് ഒരു നോട്ടീസ് പോലും നല്‍കാനോ സബ്കമ്മിറ്റി തയാറായില്ല. 1997 അന്നത്തെ ചീഫ് സെക്രട്ടറി സി.പി നായര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടും 2007 മരട് മുന്‍സിപ്പാലിറ്റി കേരള ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലും മരട് സി.ആര്‍.ഇസഡ് രണ്ടി ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടികളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി 1996 സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ടിയുണ്ടാക്കിയതാണ് കോസ്റ്റ് സോണ്‍ മാനേജ്മെന്റ് പ്ലാന്‍.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും കോസ്റ്റ അതോറിറ്റിയുടെയും പിടിപ്പുകേടിന് സാധാരണക്കാര്‍ ബലിയാടാക്കപ്പെടുകയാണ് ചെയ്തത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിടിപ്പുകേട് മൂലമുണ്ടായ നിയമലംഘനം നിര്‍മാതാക്കള്‍ നടത്തിയ നിയമലംഘനം എന്ന രീതിയി വ്യാഖ്യാനിക്കപ്പെടുകയാണ് ചെയ്തത്.സി.ആര്‍.ഇസഡ് നോട്ടിഫിക്കേഷനിലെ അവ്യക്തതകള്‍, കൃത്യമായ മാനദണ്ഡങ്ങളുടെ അഭാവം, അടിക്കടി ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, നോട്ടിഫിക്കേഷനിലെ വ്യാഖ്യാനങ്ങളില്‍ വന്ന മാറ്റങ്ങള്‍, ഓരോ സമയത്തും ജുഡീഷ്യറി സ്വീകരിച്ച വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ എന്നിവയാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് ക്രെഡായ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നത് നിരപരാധികളായ സാധാരണക്കാരും നിര്‍മാതാക്കളുമാണ്. ഭരണഘടന ഉറപ്പ് തരുന്ന ജീവിക്കാനുള്ള അടിസ്ഥാന അവകാശത്തിന്റെ ലംഘനമാണിത്.

1996 ലെ കോസ്റ്റ സോണ്‍ മാനേജ്മെന്റ് പ്ലാനില്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് ചൂണ്ടിക്കാട്ടിയ തെറ്റുകള്‍ തിരുത്താന്‍ കഴിഞ്ഞ 23 വര്‍ഷമായിട്ടും കഴിഞ്ഞിട്ടില്ല. ഇത്തരം അവ്യക്തതകളും തെറ്റുകളും നിറഞ്ഞ ഒരു പ്ലാനിന്റെ പേരില്‍ എങ്ങനെ മരടിലെ ഫ്ളാറ്റുകള്‍ നിയമലംഘനം ആണെന്ന് പറയാന്‍ കഴിയുമെന്നും ക്രെഡായ് ഭാരവാഹികള്‍ ചോദിച്ചു. ഉദ്യോഗസ്ഥരും ബന്ധപ്പെട്ട അതോറിറ്റികളും വരുത്തിയ വീഴ്ചകളുടെ പേരില്‍ നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നത് നീതികേടാണ്. നിക്ഷേപസൗഹൃദ സംസ്ഥാനമല്ല കേരളം എന്ന വാദത്തിനു കൂടുതല്‍ അടിവരയിടുന്നതാണ് ഈ സംഭവവികാസങ്ങള്‍. നിര്‍മാതാക്കള്‍ക്കെതിരായ നിയമനടപടികള്‍ ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നും ക്രെഡായ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കാര്യക്ഷമമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെയും അതോറിറ്റിയുടെ അജ്ഞത മൂലവും നിര്‍മാതാക്കള്‍ ഇരയാക്കപ്പെടുകയാണ് ചെയ്തത്.

സി.ആര്‍.ഇസഡ് നോട്ടിഫിക്കേഷനിലെ വ്യക്തത കുറവ് മൂലം വിവിധ വകുപ്പുകള്‍ ശരിയെന്ന് തോന്നുന്ന ക്ലിയറന്‍സുകള്‍ നല്‍കിയത് ഇപ്പോള്‍ കേന്ദ്ര നോട്ടിഫിക്കേഷന് വിരുദ്ധമാണ് എന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ക്രെഡായ് ഭാരവാഹികള്‍ ചോദിച്ചു. അവ്യക്തതകളും തെറ്റായ വിവരങ്ങളും അടങ്ങിയ അബദ്ധപഞ്ചാംഗമായി മാറിയ ഒരു രേഖയുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണു നിയമലംഘനം എന്ന് കണ്ടെത്തുന്നത്.

മരട് വിഷയം സംസ്ഥാന സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ ക്രെഡായ്ക്ക് കടുത്ത അസംതൃപ്തിയുണ്ട്. സര്‍ക്കാര്‍ ഇനി വിചാരിച്ചാലും ഫ്ളാറ്റുകള്‍ പൊളിക്കപ്പെടുന്നത് തടയാന്‍ കഴിയും. റിപ്പോര്‍ട്ടിലെ തെറ്റുകള്‍ ചൂണ്ടികാട്ടിയും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ക്രെഡായ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ 23 വര്‍ഷത്തെ തെറ്റുതിരുത്തി ജനങ്ങളെയും അവരുടെ നിക്ഷേപങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതിനെക്കുറിച്ച് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും ക്രെഡായ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരുടെയും നിക്ഷേപകരുടെയും താത്പര്യം മുന്‍നിര്‍ത്തി 23 വര്‍ഷം മുന്‍പത്തെ തെറ്റ് തിരുത്തി ശരിയായ കോസ്റ്റ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ തെയ്യാറാക്കണമെന്നും ക്രെഡായ് ആവശ്യപ്പെട്ടു. അല്ലങ്കില്‍ തീരദേശങ്ങളിലെ ചെറുതും വലുതുമായ നിരവധി കെട്ടിടങ്ങളെ ഇത് ബാധിക്കുമെന്നും ക്രെഡായ് ഭാരവാഹികള്‍ പറഞ്ഞു.

TAGS: Credai |