നാളെ മുതല്‍ പുതിയ വിമാന സമയം, സര്‍വീസുകള്‍

Posted on: October 26, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ശൈത്യകാല വിമാനസമയക്രമം നാളെ നിലവില്‍ വരും. സൗദിയിലെ ദമാമിലേക്കും മാല ദ്വീപിലേക്കുമുള്ള പുതിയ സര്‍വീസുകളാണ് ശൈത്യകാല പട്ടികയിലെ പ്രധാന ആകര്‍ഷണം.

ദമാമിലേക്ക് പുതിയ വിമാന കമ്പനിയായ ഫ്‌ളൈ നാസ് ആണ് പുതിയ സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോ നിലവിലുള്ള ജിദ്ദയ്ക്കു പുറമെ ദമാമിലേക്കു പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. സൗദിയ, എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും നിലവില്‍ സൗദി സെക്ടറുകളിലേക്ക് സര്‍വീസുകള്‍ നടത്തുന്നുണ്ട്. മാലദ്വീപ് സര്‍ക്കാരിന്റെ ഐലന്‍ഡ് ഏവിയേഷന്‍ ഹനിമാധു വിമാനത്താവളത്തിലേക്കാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. നിലവില്‍ ഇന്‍ഡിഗോയുടെ മാലദ്വീപ് സര്‍വീസ് കൊച്ചിയില്‍ നിന്നുണ്ട്.
ആഭ്യന്തര സെക്ടറില്‍ ഗോഎയര്‍ ഡല്‍ഹിയിലേക്കും എയര്‍ഏഷ്യ ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്‌പൈസ്‌ജെറ്റ് കൊല്‍ക്കത്ത, ചെന്നൈ, തിരുപ്പതി എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്.

നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ സമയത്ത് രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ സര്‍വീസുകളുണ്ടാകില്ല. ഈ സമയത്തുള്ള വിമാനങ്ങള്‍ രാത്രി സമയത്തേക്ക് പുന:ക്രമീകരിച്ചു. 2 രാജ്യാന്തര സര്‍വീസുകളും 4 ആഭ്യന്തര സര്‍വീസുകളും മാത്രമാണ് റദ്ദാക്കിയിരിക്കുന്നത്.

TAGS: Cochin Airport |