സിയാൽ സമ്മർഷെഡ്യൂളിന് തുടക്കമായി

Posted on: March 28, 2016

CIAL-Apron-Bigകൊച്ചി : കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിൽ (സിയാൽ) സമ്മർ ഷെഡ്യൂളനുസരിച്ചുള്ള വിമാന സർവീസ് തുടങ്ങി. അന്താരാഷ്ട്ര സെക്ടറിൽ പ്രതിവാരം 594 ഉം ആഭ്യന്തര സെക്ടറിൽ 590 ഉം ഉൾപ്പടെ 1184 ഫ്‌ളൈറ്റുകളാണ് വേനൽക്കാല ഷെഡ്യൂളിൽ ഓപ്പറേറ്റ് ചെയ്യുന്നത്.

എയർ പെഗാസസ്, വിസ്താര എയർലൈൻസ്, എയർ പെഗാസസ്, തായ് എയർ ഏഷ്യ, എന്നീ വിമാനക്കമ്പനികൾ പുതുതായി കൊച്ചിയിൽനിന്നു വിമാന സർവീസ് ആരംഭിക്കും. വിസ്താര ഏപ്രിൽ 14 മുതൽ എല്ലാ ദിവസവും കൊച്ചി – മുംബൈ – ഡൽഹി സെക്ടറിൽ സർവീസ് ആരംഭിക്കും. എയർപെഗാസസ് ബംഗലുരുവിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചു രണ്ട് പ്രതിദിന സർവീസുകളും ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ദിവസേന ഒരു സർവീസും തുടങ്ങും.

സ്‌പൈസ്‌ജെറ്റ് ഡൽഹിയിലേക്കും, ഇൻഡിഗോ ചെന്നൈയിലേക്കുമുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. എയർ ഇന്ത്യ എക്‌സ്പ്രസ് ദമാമിലേക്കുള്ള സർവീസുകളുടെ ഫ്രീക്വൻസി വർധിപ്പിച്ചു. തായ് എയർഏഷ്യ മെയ് 17 മുതൽ ബാങ്കോക്ക് സർവീസ് തുടങ്ങും.

കൊച്ചിയിൽ നിന്നു മുംബൈയിലേക്ക് ആഴ്ചയിൽ 84 ഉം ഡൽഹിയിലേക്ക് 69 ഉം ബാംഗളൂരിലേക്ക് 68 ഉം ഫ്‌ളൈറ്റുകളും ഉണ്ടായിരിക്കും. മൊത്തം പ്രതിവാര ഫ്‌ളൈറ്റുകൾ 1,184 ആകും. വിന്റർ ഷെഡ്യൂളിൽ 1094 ഫ്‌ളൈറ്റുകളാണ് ഉണ്ടായിരുന്നത്. 2015 ൽ 74.16 ലക്ഷം പേരാണ് കൊച്ചി വിമാനത്താവളം വഴി യാത്രചെയ്തത്. 2016 ൽ 90 ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്.