സിയാലിനെ തൊട്ടറിയാന്‍ മൊബൈല്‍ ആപ്

Posted on: April 27, 2019

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളക്കമ്പനി (സിയാല്‍) കൊച്ചിന്‍ എയര്‍പോര്‍ട്ട് എന്ന പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി.
ആന്‍ഡ്രോയ്ഡ്, ഐഒഎസ്, പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍, ആപ്പ സ്റ്റോര്‍ എന്നിവയിലൂടെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്. ടെര്‍മിനല്‍ സംബന്ധിച്ച വിവരങ്ങലുമുണ്ട്. വിമാനങ്ങളുടെ സമയപ്പട്ടിക, കാലാവസ്ഥ, ഗേറ്റ് മാറ്റവുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, ബാഗേജ് ലഭിക്കുന്ന സ്ഥലം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, എടിഎം, ഷോപ്പിംഗ് വിവരങ്ങള്‍, ഫോണ്‍ ചാര്‍ജിംഗ് പോയിന്റുകള്‍, ഫാര്‍മസി, ശുചിമുറികള്‍, സ്‌മോക്കിംഗ് മുറികള്‍, എയര്‍ലൈന്‍സ് ഓഫീസുകള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ യാത്രക്കാരെ ആപ്പ് സഹായിക്കും.
തത്സമയ കാലാവസ്ഥ വിവരങ്ങളും ലഭ്യമാണ്. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ലഭ്യമാണ്.
വിമാനത്താവള യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പരമാവധി പ്രയോജനം ലഭിക്കത്തക്ക് വിധമാണ് ആപ്പ് തയാറാക്കിയിട്ടുള്ളതെന്ന് ആപ്പ് പുറത്തിറക്കിയ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി ജെ. കുര്യന്‍ പറഞ്ഞു. ആപ്പിലെ ഇന്‍ഡോര്‍ നാവിഗേഷന്‍ സംവിധാനം ടെര്‍മിനലുകള്‍ക്കുള്ളിലെ സേവനങ്ങളിലേക്കു വളരെ വേഗം എത്തിപ്പെടാന്‍ യാത്രക്കാരെ സഹായിക്കുന്നു. ഷോപ്പിംഗ്, ഡൈനിംഗ് വിഭാഗങ്ങളിലെ ഏറ്റവും ആകര്‍ഷകമായ ഓഫറുകള്‍ മനസ്സിലാക്കാനും ആപ്പ് ഉപകരിക്കുമെന്നും വി. ജെ. കുര്യന്‍ പറഞ്ഞു.
എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ. സി. കെ. നായര്‍, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ. എം. ഷബീര്‍, സിഎഫ്ഒ സുനില്‍ ചാക്കോ തുടങ്ങിയവരും പങ്കെടുത്തു.

TAGS: Cochin Airport | Siyal |