നൂതന സാങ്കേതികവിദ്യയുടെ നേർക്കാഴ്ചയുമായി മേക്കർവില്ലേജ് സ്റ്റാർട്ടപ്പുകൾ

Posted on: October 5, 2019

കൊച്ചി : ടൈക്കോൺ കേരള സമ്മേളനത്തിലെ പ്രദർശനവിഭാഗത്തിൽ അത്യാധുനിക സാങ്കേതികവിദ്യയുടെ നേർക്കാഴ്ചയാവുകയാണ് മേക്കർ വില്ലേജ്. കള്ളുചെത്ത് യന്ത്രം മുതൽ സമുദ്രാന്തർഭാഗ പര്യവേക്ഷണത്തിനായുള്ള വാട്ടർ ഡ്രോൺ വരെ പ്രദർശനത്തിലുണ്ട്.

ഇനിയും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യതകളെ അത്യാധുനിക സാങ്കേതിക വിദ്യയുമായി സമന്വയിപ്പിക്കുന്നതാണ് മേക്കർ വില്ലേജ് ഒരുക്കിയ പ്രദർശനത്തിലെ സ്റ്റാർട്ടപ്പുകൾ. അത്യാധുനിക സാങ്കേതിക വിദ്യയായ ഇൻറർനെറ്റ് ഓഫ് തിംഗ്‌സ്, നിർമ്മിത ബുദ്ധി, മെഷീൻ ലേണിംഗ് എന്നിവ അടിസ്ഥാനമാക്കിയാണ് ഉപകരണങ്ങൾ മിക്കതും നിർമ്മിച്ചിരിക്കുന്നത്.

മേക്കർവില്ലേജിലെ ഏറ്റവും മികച്ച ഉത്പന്നങ്ങളിലൊന്നായ ഐറോവ് ജലാന്തർഭാഗ ഡ്രോൺ പ്രദർശനത്തിലെ പ്രധാന ആകർഷണമാണ്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ വാങ്ങുകയും വികസന പ്രവർത്തനങ്ങളിൽ സഹകരണം നൽകുകയും ചെയ്യുന്ന ഉത്പന്നമാണിത്.

കള്ള് ചെത്തുന്നതിന് മൊബൈൽ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണമാണ്  നവ ഡിസൈൻ വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറങ്ങുന്ന ഈ ഉത്പന്നം ചെത്തു തൊഴിലാളികളുടെ ജോലി ഇല്ലാതാക്കുകയില്ലെന്നു മാത്രമല്ല, ആയാസരഹിതമായി കള്ള് ചെത്തുന്നതിന് സഹായിക്കുകയും ചെയ്യും.

ആശുപത്രികളിൽ രോഗികൾക്ക് ഡ്രിപ്പ് നൽകുന്നത് നിയന്ത്രിക്കാനും നിരീക്ഷിക്കാനും പിഴവില്ലാതെയാക്കാനുമുള്ള ഉപകരണമാണ് ഈവ്‌ ലാബ്‌സ് എന്ന കമ്പനി മുന്നോട്ടു വയ്ക്കുന്നത്. രോഗിയുടെ പ്രായം, ആരോഗ്യാവസ്ഥ തുടങ്ങിയവ കണക്കിലെടുത്ത് ഓരോ തുള്ളിയും ശരീരത്തിലേക്ക് കയറ്റുന്നത് വ്യത്യാസം വരാം. ഇത് മൊബൈൽ ഫോൺവഴിയും കേന്ദ്രീകൃത സംവിധാനം വഴിയും നിരീക്ഷിക്കാമെന്നതും ഈ ഉപകരണത്തിൻറെ മേന്മയാണ്.

ഏഴ് ദിവസം വരെ ഹൃദയമിടിപ്പ് റെക്കോർഡ് ചെയ്യാനുള്ള ചെറു ഉപകരണമാണ് വേഫർചിപ്പ്‌സ് ടെക്‌നോ സൊല്യൂഷൻസ് അവതരിപ്പിക്കുന്നത്. കേവലം പെൻഡ്രൈവിൻറെ മാത്രം വലുപ്പമുള്ള ഈ ഉപകരണം നെഞ്ചിൽ ഒട്ടിച്ചു വച്ചാൽ ഏഴ് ദിവസം വരെയുള്ള ഹൃദയമിടിപ്പിൻറെ സങ്കീർണതകൾ റെക്കോർഡ് ചെയ്യാനാകും.

വീൽചെയർ ഉപയോഗിക്കുന്നവർക്ക് പരസഹായം കൂടാതെ നീങ്ങാൻ സഹായിക്കുന്ന വീൽചെയറുകളാണ് ഡിസിൻടോക്‌സ് ടെക്‌നോളജീസ് അവതരിപ്പിക്കുന്നത്. രോഗികൾക്ക് സ്വയം ഇരിക്കാനും എഴുന്നേൽക്കാനും സഹായിക്കുന്ന സംവിധാനവും ഇവർ വീൽചെയറിൽ ഒരുക്കിയിരിക്കുന്നു.

നഗരങ്ങളിലെ മലിനീകരണ തോത് തത്സമയം അളക്കുന്നതിനും അത് വിശകലനം ചെയ്യുന്നതിനുമുള്ള സംവിധാനമാണ് അൽകോഡെക്‌സ് ടെക്‌നോളജീസ് മുന്നോട്ടു വയ്ക്കുന്നത്.

നിർമ്മിത ബുദ്ധി ക്യാമറയെ അടിസ്ഥാനമാക്കി യൂണിഫോം, സുരക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ ജീവനക്കാർ കൃത്യമായി ധരിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഇഗ്‌നിറ്റേറിയം വികസിപ്പിച്ചെടുത്തത്. ഗതാഗത നിരീക്ഷണം, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ വൈവിധ്യമുള്ള പശ്ചാത്തലങ്ങളിൽ ഇത് ഉപയുക്തമാക്കാവുന്നതാണ്.

ഇൻറർനെറ്റ് സഹായമില്ലാതെ എഫ്എം ബാൻഡ് ഉപയോഗിച്ച് വാഹനങ്ങളെ നിരീക്ഷിക്കാനുള്ള ഉപകരണമാണ് എച് ഡബ്ല്യു ഡിസൈൻ ലാബ് അവതരിപ്പിക്കുന്നത്. സ്മാർട്ട്‌ഫോൺ ഇല്ലാത്തവർക്കുപോലും പൊതുഗതാഗത സംവിധാനത്തിൽ പ്രവർത്തിക്കുന്ന ബസിൻറെ സമയവും അത് സ്വന്തം സ്റ്റോപ്പിൽ എത്ര സമയത്തിനുള്ളിൽ എത്തുമെന്നുമടക്കമുള്ള കാര്യങ്ങൾ ഇതു വഴി ചെയ്യാനാകും.

കേബിളുകളുടെ സഹായമില്ലാതെ നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡേറ്റ കൈമാറ്റം ചെയ്യുന്ന ജലാന്തർ വാഹനമാണ് ദേവാദിടെക് വികസിപ്പിക്കുന്നത്. ആറു മീറ്റർ നീളമുള്ള മിസൈൽ ആകൃതിയിലുള്ള വാഹനം പര്യവേഷണം നടത്തി അതിൻറെ വിവരങ്ങൾ മാതൃകപ്പലിലേക്ക് എത്തിക്കുന്നു. അണക്കെട്ടുകൾ, നദീ പര്യവേക്ഷണം തുടങ്ങിയ മേഖലകളിൽ ഇത് കാതലായ മാറ്റം കൊണ്ടു വരും.

ശീതീകരണം വേണ്ടിവരുന്ന ഭക്ഷ്യമേഖലകളിൽ തണുപ്പിൻറെ അളവ് നിരീക്ഷിക്കാനുള്ള ഉപകരണമാണ് ടെനോവ സിസ്റ്റംസ് രൂപപ്പെടുത്തിയിട്ടുള്ളത്. തണുപ്പിൻറെ അളവ് നിശ്ചിത ഇടവേളകളിൽ പരിശോധിക്കുകയും അതിൻറെ തത്സമയ വിവരങ്ങൾ മൊബൈലിലേക്കോ കമ്പ്യൂട്ടറിലേക്കോ നൽകുന്നതാണ് ഈ ഉപകരണം. തണുപ്പിൻറെ അളവിൻറെ വ്യതിയാനം മൂലം ശീതീകരിച്ച ഭക്ഷ്യപദാർത്ഥങ്ങൾ വ്യാപകമായി കേടുവരുന്നത് ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും.

പോലീസ്, അർധസൈനിക വിഭാഗങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്ന ഡിജിറ്റൽ വയർലെസ് സെറ്റുകളാണ് ട്രിയാക്‌സോൺ ടെക്‌നോളജീസിൻറെ ഉത്പന്നം. അനലോഗ് വയർലസ് സെറ്റുകളേക്കാൾ ശബ്ദ വ്യക്തതയും ഊർജ്ജക്ഷമതയും ഇത് അവകാശപ്പെടുന്നു. വൈദ്യുത വാഹനങ്ങളുടെ മോട്ടോറിനെ കൃത്യമായ അനുപാതത്തിൽ നിയന്ത്രിക്കുന്ന കൺട്രോൾ സംവിധാനമാണ് സീഡ് ടെക്‌നോളജീസ് അവതരിപ്പിക്കുന്നത്.

സമൂഹത്തിൻറെ എല്ലാ മേഖലയിലുള്ളവർക്കും ഉതകുന്ന ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിലൂടെ സാമൂഹികമായ സേവനം മാത്രമല്ല, വലിയൊരു വിപണി സാധ്യത കൂടി കണ്ടെത്തുകയാണ് മേക്കർ വില്ലേജ് ചെയ്യുന്നതെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. മേക്കർ വില്ലേജിൽ ഇൻകുബേറ്റ് ചെയ്ത കമ്പനികളിൽ നല്ലൊരു ഭാഗം വിപണിയിലേക്കിറങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.